വിജയ് രാഷ്ട്രീയത്തിലേക്ക്? സൂചന നല്കി പിതാവ് ചന്ദ്രശേഖര്‍, രജനി കാന്തിന് വിമര്‍ശനം

ചെന്നൈ: തമിഴ് താരം വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന സൂചനയുമായി പിതാവ് എസ്.എ.ചന്ദ്രശേഖര്‍. വിജയുടെ രാഷ്ട്രീയ പ്രവേശനം ഒരുനാള്‍ സംഭവിക്കുമെന്നാണ് കരുതുന്നത്. മക്കള്‍ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നതാണ് ഒരു അച്ഛന്റെ കടമ. എല്ലാ അച്ഛന്മാരും അത് നിറവേറുന്നതുപോലെ വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ അത് താന്‍ നിറവേറുമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ചന്ദ്രശേഖര്‍ ഇക്കാര്യം പറഞ്ഞത്.
രജനികാന്തിനും കമല്‍ഹാസനും പിന്തുണ നല്‍കിയതില്‍ ദുഃഖിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും രാഷ്ട്രീയത്തില്‍ വന്നാല്‍ തമിഴ്നാടിന് നല്ലത് വരുമെന്നായിരുന്നു കരുതിയത്. എന്നാല്‍ രജനികാന്ത് തമിഴരെ പറ്റിക്കുകയാണെന്നാണ് ഇപ്പോള്‍ തോന്നുന്നത്. തമിഴര്‍ വേണ്ടെന്ന് പറഞ്ഞ സിഎഎയെ രജനി അനുകൂലിക്കുകയാണ്. തൂത്തുക്കുടിയില്‍ വെടിയേറ്റ് മരിച്ചവരെ രജനി തീവ്രവാദികളോട് ഉപമിച്ചുവെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
വിജയ്യെ മണിക്കൂറുകളോളം ചോദ്യം ചെയ്ത സംഭവത്തില്‍ ആദായ നികുതി വകുപ്പ് അവരുടെ ജോലി മാത്രമാണ് ചെയ്തത്. ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത് പണം സമ്പാദിക്കുന്നു. കൃത്യമായി നികുതി അടക്കുന്നു. അതിനാല്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. വിജയ്ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുകയാണ്.
എന്നാല്‍ വിജയ് അതിന് അനുസരിച്ച് വളരുകയാണ്. സിനിമയില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ ജീവിതത്തിലും അങ്ങനെയാവണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. നാളെ വിജയ് രാഷ്ട്രീയത്തില്‍ വന്നാലും ഇന്ന് സിനിമയില്‍ പറയുന്നത് നടപ്പിലാക്കണമെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.