വിജയ് രണ്ടാം ദിവസവും കസ്റ്റഡിയില്‍ തുടരുന്നു; വിവിധയിടങ്ങളില്‍ റെയ്ഡ്

ചെന്നൈ: തമിഴ് താരം വിജയ് രണ്ടാം ദിവസവും ഇന്‍കം ടാക്സ് വിഭാഗത്തിന്റെ കസ്റ്റഡിയില്‍ തുടരുന്നു. വിജയ്യെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാല് ഉദ്യോഗസ്ഥര്‍ കൂടി ചോദ്യം ചെയ്യലിനായി താരത്തിന്റെ വീട്ടിലെത്തി. ബിഗില്‍ സിനിമയുടെ നികുതി റിട്ടേണുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചോദ്യം ചെയ്യല്‍. നിര്‍മാണ കമ്പനിയായ എജിഎസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും ഡിസ്ട്രിബ്യൂട്ടര്‍മാരുടെ ഓഫീസിലും വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്.
മധുരയിലും ചെന്നൈയിലുമായാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. ബിഗില്‍ സിനിമയുടെ പ്രതിഫലം വാങ്ങിയതിന്റെ രേഖകള്‍ പരിശോധനയില്‍ പിടിച്ചെടുത്തു. നിര്‍മാതാക്കളുടെ കണക്കും വിജയ്യുടെ കൈവശമുള്ള രേഖകളും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ആദായ നികുതി വകുപ്പ് അവകാശപ്പെടുന്നത്. കടലൂരില്‍ മാസ്റ്റേഴ്സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയാണ് ഇന്‍കം ടാക്സ് വിഭാഗം വിജയ്യെ കസ്റ്റഡിയില്‍ എടുത്തത്.
ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഘപരിവാറിനെയും തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയെയും വിമര്‍ശിക്കുന്നതിന്റെ പേരില്‍ വിജയ് ചിത്രങ്ങള്‍ വിവാദത്തിലായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആദായ നികുതി വിഭാഗത്തിന്റെ റെയ്ഡും ചോദ്യം ചെയ്യലും. ഇന്‍കം ടാക്സ് കേസുകള്‍ റദ്ദാക്കിയതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു കൊണ്ട് രജനികാന്ത് പ്രസ്താവന നടത്തിയതും ഇന്നലെയായിരുന്നു.