മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചെന്നൈയിലെ സ്ഥലം ഏറ്റെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

 | 
Mammootty and Dulquer Salman

മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്ഥലം ഏറ്റെടുത്ത് സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ചെന്നൈക്കടുത്ത് ചെങ്കല്‍പെട്ടിലുള്ള 40 ഏക്കര്‍ സ്ഥലമാണ് തമിഴ്‌നാട് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്‍ ഏറ്റെടുത്തത്. ചെങ്കല്‍പ്പെട്ടിലെ കറുപ്പഴിപ്പള്ളം എന്ന സ്ഥലത്താണ് ഈ ഭൂമി.

1997ല്‍ കപാലി പിള്ള എന്നയാളില്‍ നിന്ന് വാങ്ങിയ സ്ഥലം 2007ല്‍ സംരക്ഷിത വനഭൂമിയായി ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെ അതേവര്‍ഷം തന്നെ മമ്മൂട്ടി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. 2020 മെയ് മാസത്തില്‍ ഈ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാന്‍ കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിട്രേഷന്‍ നീക്കം തുടങ്ങി. ഇതോടെ മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ കേസ് പരിഗണിച്ചപ്പോള്‍ ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് കമ്മീഷന്റെ ഉത്തരവ് കോടതി റദ്ദാക്കിയത്. കമ്മീഷന്‍ നടപടി ശരിയാണെന്ന വാദമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഉന്നയിച്ചത്. എന്നാല്‍ മമ്മൂട്ടിയും ദുല്‍ഖറും വാങ്ങിയത് സ്വകാര്യ ഭൂമിയാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു.

ഏറെ നേരം നീണ്ടുനിന്ന വാദത്തിന് ശേഷമാണ് കമ്മീഷന്‍ ഉത്തരവ് റദ്ദാക്കാന്‍ ജസ്റ്റിസ് ഇളന്തിരിയന്‍ ഉത്തരവിട്ടത്. മമ്മൂട്ടിയുടെയും ദുര്‍ഖറിന്റെയും വിശദീകരണം കേട്ടശേഷം കമ്മീഷന് 12 ആഴ്ചയ്ക്കുള്ളില്‍ പുതിയ ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി.