പ്രമേയത്തിന്റെ കരുത്തുകൊണ്ട് മലയാളിക്കും ആസ്വാദ്യകരം; 'ചിത്താ' റിവ്യൂ

ചിറ്റ എന്നാല്‍ മലയാളിക്ക് ചിറ്റമ്മയാണ്. തമിഴില്‍ ചിത്താ എന്നാല്‍ ചിറ്റപ്പനാണ്. ഇളയച്ഛനെന്നതിന്റെ ചുരുക്കവിളിയാണ് ചിത്താ. മുത്തച്ഛനോടോ, അമ്മാവനോടോ ഉള്ളത് പോലൊരു ആത്മബന്ധമല്ല പൊതുവില്‍ ചിറ്റപ്പനോടുള്ളത്. അച്ഛന്‍ ചെറുതിലേ നഷ്ടമായൊരു പെണ്‍കുട്ടി അച്ഛനായും അടുത്ത സുഹൃത്തായും കരുതിപ്പോന്ന ചിത്തായെ ചുറ്റിപ്പറ്റിയാണ് സിദ്ധാര്‍ത്ഥ് നായകനും നിര്‍മ്മാതാവുമായ ചിറ്റാ (ചിത്താ) എന്ന സിനിമ.
പന്നയാരും പത്മിനിയും, സേതുപതി തുടങ്ങി തമിഴിലെ ന്യൂ ജനറേഷന്‍ സിനിമകളില്‍ തന്റേതായ പേരും ശൈലിയും അടയാളപ്പെടുത്തിയ എസ്.യു അരുണ്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ചിത്താ. പ്രമേയത്തിന്റെ കരുത്ത് കൊണ്ട് മലയാളിക്കും ആസ്വാദ്യകരമാകുന്ന സിനിമയാണ് ചിത്താ.
സിദ്ധാര്‍ത്ഥ് അവതരിപ്പിച്ച ഈശ്വര്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. നായകനില്‍ നിന്നും അഭിനേതാവിലേക്കുള്ള മാറ്റമാണ് ഈശ്വറിനെ വ്യത്യസ്തമാക്കുന്നത്. അതിനായകാനാകാന്‍ പറ്റിയ അവസരങ്ങളിലെല്ലാം അയാള്‍ കഥാപാത്രത്തിന്റെ സൂക്ഷ്മതയിലേക്ക് ചുരുങ്ങുന്നു. അതുവഴി നല്ല സിനിമയെ ഇഷ്ടപ്പെടുന്നവരുടെ നായകനുമാകുന്നു. കരിയറിന്റെ ഒരു ഘട്ടത്തില്‍ സിനിമയില്‍ പുതുവഴികള്‍ തേടുന്ന നായകരെ ഇന്ത്യന്‍ സിനിമയില്‍ അങ്ങിങ്ങായി കാണാറുണ്ട്. ആ നിരയില്‍ തന്നെയാകും ഇനി സിദ്ധാര്‍ത്ഥിന്റെ സ്ഥാനവും. ഇക്കാലത്ത് പറയേണ്ട ഒരു കഥ തന്നെയാണ് ചിറ്റ. ചങ്കൂറ്റത്തോടെ കലര്‍പ്പുകളില്ലാതെ അത് പറയാന്‍ പിന്നണി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം.
ഒരു ഫാമിലി ഡ്രാമ എന്ന നിലയില്‍ പിടിച്ചിരുത്തുന്ന അനുഭവമാണ് ചിറ്റ. സുന്ദരി എന്ന എട്ട് വയസുകാരിയായ പെണ്‍കുട്ടിയും അവളുടെ അച്ഛന്റെ അനുജനായ ഈശ്വറും തമ്മിലുള്ള തീവ്രമായ ആത്മബന്ധത്തിലൂടെയാണ് പ്രമേയം വികസിക്കുന്നത്. അച്ഛന്‍ മരിച്ച് പോയ കുട്ടിയാണ് സുന്ദരി. അവള്‍ക്ക് ഈശ്വര്‍ അച്ഛനും ഇളയച്ഛനും സുഹൃത്തുമെല്ലാമാണ്. യാദൃശ്ചികമായി നടക്കുന്ന ചില സംഭവങ്ങളിലൂടെ സിനിമ ഇക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യേണ്ട സാമൂഹ്യ വിഷയങ്ങളിലേക്ക് കൂടി പ്രേക്ഷകരെ കൊണ്ടുപോകുന്നു. വൈകാരികമായി നമ്മളെ ഉലച്ച് കളയുന്നതാണ് അതിന് ശേഷമുള്ള പല സീനുകളും. പെണ്‍കുട്ടികളുടെ ദൈനംദിന ജീവിതത്തേക്കുറിച്ച് ആലോചിക്കുന്നവര്‍ക്കെല്ലാം ഈ ചിത്രം ഇഷ്ടമാകും. ആ നിലക്കൊരു സത്യസന്ധത സിനിമയിലുടനീളം കാണാം.
നിമിഷ സജയനാണ് ചിത്രത്തിലെ നായിക. അവരുടെ സ്വതസിദ്ധമായ അഭിനയപാടവം ശക്തി എന്ന കഥാപാത്രത്തിന്റെ കരുത്തായി സ്‌ക്രീനില്‍ നിറയുന്നു. സ്ത്രീപ്രശ്‌നങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകുന്ന ഒരാളാണ് ശക്തി. ഒരിടത്ത് ഈശ്വറിനോട് ശക്തി ചോദിക്കുന്നുണ്ട്, 'നിങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണെന്ന് കരുതുന്നുണ്ടോ' എന്ന്. ഓരോ പെണ്ണും സാമൂഹ്യജീവിതത്തില്‍ ദൈനംദിനം നേരിടുന്ന വയലന്‍സിനെ അവര്‍ അക്കമിട്ട് നിരത്തുന്നു.
ഒരു തരത്തില്‍ ആലോചിച്ചാല്‍ ആണ്‍കണ്ണിലൂടെ മാത്രം ചിന്തിച്ച് പ്രതികരിക്കുന്നൊരു നായകനെ തിരുത്തുന്ന നായികയായി നിമിഷയുടെ കഥാപാത്രം ആ ഘട്ടത്തില്‍ വളരുന്നുണ്ട്. കയ്യടക്കത്തോടെയാണ് നിമിഷ ആ സീനുകളില്‍ നിറയുന്നത്. പ്രമേയത്തിലും പരിചരണത്തിലും അരുണ്‍കുമാര്‍ കയ്യടി അര്‍ഹിക്കുന്നു.