മരയ്ക്കാര്‍ റിലീസ് ദിവസം കരിദിനം ആചരിക്കുമെന്ന് തീയേറ്റര്‍ ഉടമകള്‍; തീയേറ്ററുകളില്‍ കരിങ്കൊടി കെട്ടും

 | 
Marakkar

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. തീയേറ്ററുകളില്‍ അന്ന് കരിങ്കൊടി കെട്ടുമെന്നും ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിക്കുമെന്നും സംഘടന അറിയിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമുള്ള മുന്നറിയിപ്പാണ് ഇതെന്നും സംഘടന വ്യക്തമാക്കി.

ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു. ഇതിന് വിപരീതമായി മരയ്ക്കാര്‍ റിലീസ് ചെയ്താല്‍ തീയേറ്റര്‍ ഉടമകളെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും സംഘടന വ്യക്തമാക്കി. മോഹന്‍ലാല്‍ ആരാധകരുടെ ആവശപ്രകാരം ഒടിടി റിലീസിന് ശേഷം മരയ്ക്കാര്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ നിര്‍ദേശം അനുസരിച്ചാണ് ചിത്രം ഒടിടിക്ക് വിടുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് സംവിധായകന്‍ പ്രിയദര്‍ശനും രംഗത്തെത്തിയിരുന്നു.