പ്രതിസന്ധി രൂക്ഷം; നാല് ഷോകള്‍ നടത്താന്‍ അനുമതി വേണമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന

സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള് തുറക്കാന് അനുമതി നല്കണമെന്ന് തീയേറ്റര് ഉടമകളുടെ സംഘടന ഫിയോക്.
 | 
പ്രതിസന്ധി രൂക്ഷം; നാല് ഷോകള്‍ നടത്താന്‍ അനുമതി വേണമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന

കൊച്ചി: സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. തീയേറ്റര്‍ ഉടമകള്‍ രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ദിവസവും നാല് ഷോകള്‍ നടത്താനുള്ള അനുമതി നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. ലോണുകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. തീയേറ്ററുകള്‍ വിറ്റ് ഒഴിവാക്കാനുള്ള സാഹചര്യവും ഇപ്പോള്‍ ഇല്ലെന്ന് ഫിയോക് വ്യക്തമാക്കി.

പ്രദര്‍ശനങ്ങള്‍ നടക്കുന്നില്ലെങ്കിലും തീയേറ്ററുകളുടെ പരിപാലനച്ചെലവ് ഏറെയാണ്. ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നേരിടേണ്ട അവസ്ഥയിലാണ് തീയേറ്റര്‍ ഉടമകള്‍. ആദ്യ ലോക്ക് ഡൗണിന് ശേഷം കുറച്ചുകാലം തുറന്നു പ്രവര്‍ത്തിച്ചെങ്കിലും രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ തീയേറ്ററുകള്‍ വീണ്ടും അടച്ചിരിക്കുകയാണ്.

ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ വിവാദത്തിലായ കോവിഡ് മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യും. കടകളില്‍ പോകുന്നതിന് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.