ജയിലറിനെ പിന്തള്ളി വിജയ് ചിത്രം 'ലിയോ'; ഒരു ദിവസം പിന്നിടുമ്പോഴേക്കും നേടിയത് 145 കോടി

 | 
leo


 2023ൽ തമിഴ്‌നാട്ടിൽ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയിലറിനെ പിന്തള്ളി ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ 'ലിയോ' ഏറ്റവും വലിയ ഓപ്പണിംഗ് നേടിയതായി Sacnilk.com റിപ്പോർട്ട്. പ്രദർശനം ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോഴേക്കും 145 കോടി നേടി. കണക്കുകള്‍ പ്രകാരം ആദ്യദിനം 68 കോടിയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. അതില്‍ തമിഴ്‌നാട്ടില്‍ നിന്ന് 32 കോടിയോളവും കേരളത്തില്‍ നിന്ന് 12 കോടിയോളവും വരും. കഴിഞ്ഞ ഞായറാഴ്ചയാണ് 'ലിയോ'യുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. കേരളവും കർണാടകവും ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ചിത്രത്തിന് അതിരാവിലെ ഷോ അനുവദിച്ചിരുന്നുവെങ്കിലും തമിഴ്നാട്ടിൽ ലിയോയുടെ ആദ്യ ഷോ രാവിലെ 9 മണിക്ക് മാത്രമാണ് ആരംഭിച്ചത്.

 'ലിയോ' ഇന്നലെയാണ്  തീയേറ്ററുകളിൽ എത്തിയത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം മനോജ് പരമഹംസയും ഫിലോമിൻ രാജും കൈകാര്യം ചെയ്തിരിക്കുന്നു.