നിയമലംഘനം നടത്തി; 'പൊറാട്ട് നാടകം' സിനിമയുടെ റിലീസിന് വിലക്ക്

 | 
poratt nadakam


സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സഫ്രോൺ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം’ സിനിമയുടെ റിലീസിന് വിലക്ക്. പകർപ്പവകാശ നിയമലംഘനം നടന്നെന്ന പരാതിയിലാണ് നടപടി. എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയത്.  എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണനും നിർമാതാവ് അഖിൽ ദേവും ആണ് പരാതി നൽകിയത്. 

ഈ സിനിമയുടെ യഥാർഥ തിരക്കഥ എഴുത്തുകാരനും സംവിധായകനുമായ വിവിയൻ രാധാകൃഷ്ണന്റേതാണെന്നതാണ് വാദം. 'ശുഭം' എന്നു പേരിട്ടിരുന്ന ഈ തിരക്കഥ സിനിമയാക്കാൻ എൽഎസ്ഡി പ്രൊഡക്ഷൻസ് മാനേജിങ് ഡയറക്ടറായ അഖിൽ ദേവിന് വർഷങ്ങൾക്കു മുൻപേ വിവിയൻ കൈമാറിയിരുന്നു. തുടർന്ന് നായക വേഷം ചെയ്യുന്നതിനായി അഖിൽ ദേവ് മുഖേനെ വിവിയൻ രാധകൃഷ്ണൻ നടൻ സൈജു കുറുപ്പിനെ സമീപിച്ചു. അദ്ദേഹത്തിന് വായിക്കാൻ തിരക്കഥ കൈമാറുകയും ചെയ്തു. എന്നാൽ ഇതേ തിരക്കഥ സുനീഷ് വാരനാടിന്റെ തിരക്കഥയെന്ന രീതിയിൽ 'പൊറാട്ട് നാടകം' എന്ന പേരിൽ ഇവർ സിനിമയാക്കിയെന്നാണ് അഖിൽ ദേവും വിവിയൻ രാധാകൃഷ്ണനും ആരോപിക്കുന്നത്. 

നൗഷാദ് സഫ്രോൺ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ്‌ പ്രൊഡക്‌ഷൻ ജോലികളിലേയ്ക്ക് കടന്നു. എമിറേറ്റ്സ് പ്രോഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കരയും ഗായത്രി വിജയനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.