സ്വച്ഛഭാരതത്തിലെ കാമ്പസ്സിൽ പോത്തിറച്ചി തിന്നാൻ…

അങ്ങനെ ആ സുദിനവും (രാഷ്ട്രഭാഷയിലെ അച്ഛേ ദിൻ) വന്നു. സ്വച്ഛഭാരതത്തിന്റെ പ്രസിഡന്റ് തൃക്കൈവിളയാടി, 15 വർഷമായി വിധികാത്തിരുന്ന ഒരു ബില്ല് നിയമമായി. അതോടെ മഹാരാഷ്ട്രയിൽ കാളകളെ കൊല്ലലും തിന്നലും നിരോധിച്ചു.
 | 

എൻ.കെ. ഷിനോദ്

സ്വച്ഛഭാരതത്തിലെ കാമ്പസ്സിൽ പോത്തിറച്ചി തിന്നാൻ…

അങ്ങനെ ആ സുദിനവും (രാഷ്ട്രഭാഷയിലെ അച്ഛേ ദിൻ) വന്നു. സ്വച്ഛഭാരതത്തിന്റെ പ്രസിഡന്റ് തൃക്കൈവിളയാടി, 15 വർഷമായി വിധികാത്തിരുന്ന ഒരു ബില്ല് നിയമമായി. അതോടെ മഹാരാഷ്ട്രയിൽ കാളകളെ കൊല്ലലും തിന്നലും നിരോധിച്ചു. പശുവിറച്ചി പണ്ടേ നിരോധിച്ചതാണ്. നിങ്ങളുടെ കൈയ്യിൽ നിന്നു ഇനി കാളയിറച്ചി പിടിച്ചാൽ 5 വർഷം ജയിൽ വാസവും 10000 രൂപ പിഴയും. കാളയിറച്ചി തിന്നതിന്റെ മണംമാത്രമാണ് കിട്ടിയതെങ്കില് എന്തു ചെയ്യും എന്നറിയില്ല. പോത്തിറച്ചി (carabeef) നിരോധിച്ചിട്ടില്ല. ഇത്രയും വിവരം ഇന്ത്യൻ എക്‌സ്പ്രസ്സ് പറഞ്ഞു തന്നു.

ആലോചിച്ചാൽ, ഹൈദരാബാദ് സർവ്വകലാശാലയിൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാണ്. പോത്തിറച്ചിയോട് പ്രത്യക്ഷത്തിൽ ഇപ്പോൾ എതിർപ്പേയില്ല. 2010 മുതൽ ഇങ്ങോട്ട് കാമ്പസ്സിൽ പോത്തിറച്ചി എതിർപ്പില്ലാതെ വല്ലപ്പോഴുമൊക്കെ വിളമ്പാൻ പറ്റിയിട്ടുണ്ട്. സുക്കൂണിനു (ഈ കാമ്പസ്സിലെ ഒരു ഉത്സവം) കല്യാണി ബിര്യാണി കിട്ടുന്ന കടകൾ വരാറുണ്ട്. പറഞ്ഞുപഠിപ്പിച്ച നുണകളിലെ സഹിഷ്ണുതയുള്ള ഭാരതത്തിന്റെ ഉത്തമ മാതൃക എന്ന് ആർക്കും തോന്നും. പക്ഷേ, വിശേഷാവസരങ്ങളിൽ പ്രത്യേകം സംഘടിച്ചു വേണം ഈ പോത്തിറച്ചി വിളമ്പൽ നടത്താൻ. വിശേഷാവസരങ്ങൾ എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ മഹാസമ്മേളനങ്ങൾ, പ്രതിഷേധ പ്രകടനങ്ങൾ, സുക്കൂൺ ഇവയാണ്.

അല്ലാത്തപ്പോൾ, കല്യാണി ബിരിയാണി (ഹൈദരബാദിലെ ബീഫ് ബിരിയാണിക്ക് കല്യാണി എന്നാണ് പേർ) വാങ്ങിക്കൊണ്ടു വരാം. തനിച്ചോ കൂട്ടമായോ തിന്നാം. അതിനപ്പുറം, പരസ്യമായി പോത്തുകൾ നടക്കും. പക്ഷേ, പോത്തിറച്ചി തിന്നുന്നവർക്ക് പറ്റില്ല. കുറച്ചുകൂടി വ്യക്തമാക്കിയാൽ, കാമ്പസ്സിൽ ഒരു കല്യാണം നടക്കുന്നു എന്നു വയ്ക്കുക. കേരളത്തിലേതുപോലെ, പോത്തിറച്ചീം നെയ്‌ചോറും സദ്യകൊടുക്കാം എന്ന് കരുതേണ്ട. നടക്കില്ല. (കേരളത്തിൽ എല്ലായിടത്തും ഇത് പറ്റുമോ എന്നറിയില്ല. എന്റെ നാട്ടിൽ പറ്റുന്നുണ്ട്. എത്ര കാലത്തേക്ക് എന്ന് തിട്ടമില്ല). ഉദാ: 2012 ൽ ഉസ്മാനിയ സർവ്വകലാശാലയിൽ പരസ്യമായി പോത്തിറച്ചി വിളമ്പിയപ്പോൾ (ബീഫ് ഫെസ്റ്റ്) ഉണ്ടായ പുകിലുകൾ. ഇറച്ചി വിളമ്പിയവരെ അപ്പോൾത്തന്നെ വന്യമായി ആക്രമിച്ചു; പട്ടാപ്പകൽ. പക്ഷേ അക്രമികൾക്ക് പത്രഭാഷയിൽ പേരില്ല. എങ്കിലും, പിറ്റേന്ന്, പോത്തിറച്ചി വിളമ്പിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് എബിവിപി സംസ്ഥാന വ്യാപകമായി കാമ്പസ് ബന്ദ് നടത്തി എന്ന് പത്രത്തിലുണ്ട്.

സ്വച്ഛഭാരതത്തിലെ കാമ്പസ്സിൽ പോത്തിറച്ചി തിന്നാൻ…
എന്തുകൊണ്ട് ഹൈദരാബാദ് സർവ്വകലാശാലയിൽ പ്രതീകാത്മകമായി പോത്തിറച്ചി വല്യ എതിർപ്പില്ലാതെ കിട്ടുന്നു എന്നതിനു പലകാരണങ്ങൾ ഉണ്ടാകും. ഒന്ന് ദലിത് രാഷ്ട്രീയത്തിന്റെ ശക്തിതന്നെ. ഇടതു രാഷ്ട്രീയവും ശക്തമാണ്. ഇപ്പോൾ വിദ്യാർത്ഥി യൂണിയൻ നയിക്കുന്നത് ദലിത് സഖ്യമാണ്. (എ.എസ്.എ.+ ഡിഎസ്.യു+ എൻ.എസ്.യു.ഐ.) കഴിഞ്ഞ വർഷം എസ്.എഫ്.ഐയും അതിനും മുന്ന് എസ്.എഫ്.ഐ, എ.എസ്.എ. സഖ്യവും ആയിരുന്നു. അതായത് 2010 മുതൽ എബിവിപി കാമ്പസ് യൂണിയൻ ഭരിച്ചിട്ടില്ല. അതൊരു പ്രധാനകാര്യം തന്നെ.

പല കാരണങ്ങൾ ഇനിയും കണ്ടെത്താം. എന്തൊക്കെയായാലും, വിശേഷാവസരങ്ങളിലേക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ് പോത്തിറച്ചി എന്ന വാസ്തവം നമ്മെ നോക്കി ചിരിക്കുന്നു. കാമ്പസ് ഇലക്ഷനിൽ വിജയിച്ചാൽ ഹോസ്റ്റൽ മെസ്സിൽ ബീഫ് തരാക്കുമോ എന്ന ചോദ്യത്തിനു, എല്ലാവരോടും ആലോചിച്ച് വേണ്ടത് തീരുമാനിക്കാം എന്നാണ് ദലിത് സംഘടനയിലെ കൾചറൽ സെക്രട്ടറിയായി മത്സരിച്ച വിദ്യാർത്ഥിനി 2012 ൽ പറഞ്ഞത്. സ്ഥാനാർത്ഥികളോട് വിദ്യാർത്ഥികൾ സംവദിക്കുന്ന വേദിയിലായിരുന്നു ടി. ചോദ്യവും ഉത്തരവും. സമവായത്തിന്റെ സാധ്യതകൾ ആരറിയുന്നു.

ഇനി മലയാളികളുടെ കാര്യമെടുത്താൽ, കൈരളി എന്ന പേരിൽ ഒരു കൂട്ടായ്മയുണ്ട്. അവർ മലയാളികളുടെ എന്ന പേരിൽ ആഘോഷങ്ങൾ നടത്താറുണ്ട്. ‘മലയാളികളുടെ എന്ന പേരിൽ’ എന്ന് എടുത്ത് പറഞ്ഞത് കൈരളിയില് ചേരാത്തവരും ചേർന്നിട്ട് ബഹിഷ്‌കരിച്ചവരും എന്നിങ്ങനെ പല കൂട്ടർ ഉള്ളതിനാലാണ്. ഓണത്തിനു ഇറച്ചി വിളമ്പണോ എന്ന കാര്യത്തിൽ 2012 മുതൽ പ്രസ്തുത കൂട്ടായ്മയിൽ സജീവ ചർച്ചകൾ ഉണ്ട്. (അതിനുമുന്നുള്ളതിനെക്കുറിച്ച് എനിക്ക് വിശദമായി അറിയില്ല. ചർച്ചകൾ ഉണ്ടായിട്ടുണ്ട് എന്നാണറിവ്). 2012 ൽ ഓണാഘോഷം ഇല്ലാതാവുകയും കേരളീയം എന്ന സംഭവം ഉണ്ടാവുകയും ചെയ്തു. ചിങ്ങമാസത്തിലെ ആലോചനകൾ പോലും സവർണ്ണതയായതിനാൽ 2013 മുതൽ കേരളീയം പരിപാടി ഓണക്കാലത്തു നിന്നും വേനക്കാലത്തേക്ക് മാറ്റി. സദ്യയിൽ കോഴിയിറച്ചി 2012 ലേ വന്നു. അത് സമവായത്തിന്റെ കോഴിയാണ് എന്ന് അന്നുമുതലേ ആരോപണവും വന്നു.

ബീഫ് എന്ന് പയുമ്പോഴേല്ലാം പതിവുപോലെ പന്നി എന്നു പറയാൻ ആളുണ്ട്. അതുകൊണ്ട് ഇതുവരേക്കും പോത്തോ പന്നിയോ സദ്യയ്ക്ക് വിളമ്പിയിട്ടില്ല. ഒരിക്കൽ (2012ൽ) സദ്യക്ക് പന്നി വിളമ്പാൻ തീരുമാനിച്ചതാണ്. പിന്നീടുണ്ടായ ഗംഭീര സഹകരണം അവസാനം പന്നിയെ കോഴിയാക്കി മാറ്റി. കോഴിയും മീനും പച്ചക്കറിക്കൊപ്പം വിളമ്പിയ സദ്യയോടെ കേരളീയം ഈ കഴിഞ്ഞ ആഴ്ച നടന്നു. എന്നാലും, തർക്കങ്ങൾ ഇപ്പോഴും തുടരുന്നു.

‘അത് തിന്നരുത്

ഇത് തിന്നരുത്
തിന്നാലും തൂറിയാലും സ്വയംഭോഗം ചെയ്യരുത്
എന്നൊക്കെ അനുശാസിക്കുന്നവർക്ക്
ഏത് സംഗീതം കേട്ടാലും
വയറിളക്കമുണ്ടാകണേ’.
(ടി.പി.വിനോദ്)

ആഹാരം പോലെ സംഗീതമുണ്ടാവണേ എന്ന് നമുക്ക് പ്രാകാം.
‘പ്രാക്കും ഒരു പ്രതിരോധപ്രവർത്തനമാണ്’
(കവി ഹരിശങ്കരൻ അശോകൻ).
പ്രാക്കുകൾകൊണ്ട് തീരുന്നതാണോ സ്വച്ഛഭാരതത്തിലെ തിട്ടൂരങ്ങൾ എന്ന് സംശയമുള്ളതിനാൽ

‘അതുകൊണ്ട്, ഏയ് ഇല്ല
എന്നെയൊന്നും ആരും നിരോധിക്കില്ല
ഞാൻ നിലവിലുള്ളതായി എനിക്കുപോലും അറിയില്ല.
പിന്നെയല്ലേ…’
(ടി.പി.വിനോദ്)
എന്ന് ആശ്വസിക്കാതിരിക്കാം. അല്ലാത്തവർ, വിശേഷാവസരങ്ങളിലേക്ക് സംവരണം ചെയ്തുതരുന്ന ഒരു കഷണം ഇറച്ചി നുണഞ്ഞ് ആഹ്ലാദിപ്പിൻ.

(ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ ഫിലോസഫിയിൽ ഗവേഷകനാണ് ലേഖകൻ)