ഡെൽറ്റക്കപ്പുറവും ശാസ്ത്രലോകം ശ്രദ്ധിക്കുന്ന വകഭേദങ്ങൾ

 | 
covid

ഡെൽറ്റക്കപ്പുറവും ശാസ്ത്രലോകം ശ്രദ്ധിക്കുന്ന വകഭേദങ്ങൾ

ഗ്രീക്ക് അക്ഷരമാലയിലെ ആൽഫ, ബീറ്റാ, ഗാമ, ഡെൽറ്റ തുടങ്ങിയ പദങ്ങളാണ് കോവിഡ് വകഭേദങ്ങളെ അടയാളപ്പെടുത്താനായി ലോകാരോഗ്യ സംഘടന ഉപയോഗിക്കുന്നത്. സാർസ് കോവ് 2ന്റെ ഡെൽറ്റ വകഭേദമാണ് നിലവിൽ ഏറ്റവും വലിയ വ്യാപനശേഷിയുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഡെൽറ്റ വകഭേദത്തിന്റെ ഒരോ രൂപമാറ്റവും വളരെ ശ്രദ്ധയോടെയാണ് ശാസ്ത്രലോകം നീരിക്ഷിക്കുന്നത്. എന്നാൽ ഡെൽറ്റയോടൊപ്പം തന്നെ ഇവർ നിരീക്ഷിക്കുന്ന മറ്റ് ചിലരുണ്ട്. 

ഡെൽറ്റ - ആശങ്കയുടെ വകഭേദം

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദം ഏറ്റവും ആശങ്കാജനകമായ ഒന്നാണ്. ഇത് പല രാജ്യങ്ങളിലും കുത്തിവയ്പ് ചെയ്യാത്തവരെ പെട്ടെന്ന് പിടികൂടുന്നു. കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ ആളുകളെയും ഉയർന്ന അളവിൽ ഇത് ബാധിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ലോകാരോഗ്യ സംഘടന ഡെൽറ്റയെ ആശങ്ക ഉയർത്തുന്ന ഒരു വകഭേദമായി ( variant of concern) കാണുന്നു. അതിനർത്ഥം ഇത് ഉയർന്ന വ്യാപനശേഷിക്കൊപ്പം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും വാക്‌സിനുകളുടെയും ചികിത്സകളുടെയും പ്രയോജനം കുറയ്ക്കാനും ശേഷിയുള്ള ഒന്നാണെന്നാണ്.

covid

സാൻ ഡിയാഗോയിലെ ലാ യോള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മ്യൂണോളജിയിലെ വൈറോളജിസ്റ്റായ ഷെയ്ൻ ക്രോട്ടി പറയുന്നതനുസരിച്ച്, ഡെൽറ്റയുടെ 'സൂപ്പർ പവർ' അതിന്റെ കൈമാറ്റമാണ്. കൊറോണ വൈറസിന്റെ യഥാർത്ഥ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ ബാധിച്ച ആളുകളുടെ മൂക്കിൽ 1,260 മടങ്ങ് കൂടുതൽ വൈറസുകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി ചൈനീസ് ഗവേഷകർ കണ്ടെത്തി. ഡെൽറ്റ ബാധിച്ച, വാക്‌സിൻ സ്വീകരിച്ച വ്യക്തികളിലെ വൈറൽ ലോഡ് വാക്‌സിനേഷൻ എടുക്കാത്തവർക്ക് തുല്യമാണെന്നാണ് ചില യുഎസ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. 

കൊറോണ വൈറസിന്റെ ആദ്യ പതിപ്പ് രോഗലക്ഷണങ്ങൾ ഉണ്ടാക്കാൻ യഥാർത്ഥ കൊറോണ വൈറസ് ഏഴ് ദിവസം വരെ എടുത്തപ്പോൾ, ഡെൽറ്റയ്ക്ക് രണ്ട് മൂന്ന് ദിവസം കൊണ്ട് രോഗലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന് പ്രതികരിക്കാനും പ്രതിരോധം വർദ്ധിപ്പിക്കാനും വളരെ കുറച്ച് സമയം മാത്രമേ ഡെൽറ്റ നൽകുന്നുള്ളു. 

delta

ലാംഡ- താൽപര്യമുളവാക്കുന്ന വകഭേദം

ലാംഡ വകഭേദം ഒരു പുതിയ ഭീഷണിയായി ആദ്യ ഘട്ടത്തിൽ തോന്നിച്ചുവെങ്കിലും ഇപ്പോൾ അത്രമാത്രം ശക്തമല്ല. ഡിസംബറിൽ പെറുവിൽ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസിന്റെ ഈ പതിപ്പ് പതിയെ പിൻവാങ്ങുന്നതായി ശാസ്ത്രജ്ഞർ കരുതുന്നു. 

ജൂലൈയിൽ ലാംഡ ഉൾപ്പെട്ട കേസുകൾ വർദ്ധിച്ചുവെങ്കിലും, കഴിഞ്ഞ നാല് ആഴ്ചകളായി ഈ വേരിയന്റിന്റെ റിപ്പോർട്ടുകൾ ആഗോളതലത്തിൽ കുറഞ്ഞുവരികയാണ്, SARS-CoV-2 വകഭേദങ്ങൾ ട്രാക്കുചെയ്യുന്ന GISAID- ന്റെ ഡാറ്റ പ്രകാരമാണ് ഈ കണക്ക്. 

ലോകാരോഗ്യ സംഘടന ലാംഡയെ താൽപ്പര്യമുളവാക്കുന്ന വകഭേദമായി (variant of interest) തരംതിരിക്കുന്നു. അതായത് ഇത് വ്യാപനത്തിൽ മാറ്റം വരുത്തുകയോ കൂടുതൽ ഗുരുതരമായ രോഗം ഉണ്ടാക്കുകയോ ചെയ്യുമെന്ന് സംശയിക്കുന്ന മ്യൂട്ടേഷനുകൾ വഹിക്കുന്നവയാണ്. വാക്‌സിൻ-ഇൻഡ്യൂസ്ഡ് ആന്റിബോഡികളെ പ്രതിരോധിക്കുന്ന മ്യൂട്ടേഷനുകൾ ഇതിന് ഉണ്ടെന്ന് ലാബ് പഠനങ്ങൾ കാണിക്കുന്നു.

മ്യൂ-നിരീക്ഷണ വലയത്തിൽ

മ്യൂ അഥവാ ബി.1.621 എന്നറിയപ്പെട്ടിരുന്ന വേരിയന്റ് ജനുവരിയിൽ കൊളംബിയയിലാണ് ആദ്യമായി തിരിച്ചറിഞ്ഞത്. വളരെ പെട്ടെന്നുതന്നെ നിരവധി രൂപമാറ്റങ്ങൾക്ക് വിധേയമായ ഇതിനെ ലോകാരോഗ്യ സംഘടന ഓഗസ്റ്റ് 30ന് വേരിയന്റ് ഓഫ് ഇന്ററസ്റ്റായി പരിഗണിക്കാൻ തീരുമാനിക്കുകയും മ്യൂ എന്ന ഗ്രീക്ക് അക്ഷര നാമം നൽകുകയും ചെയ്തു. E484K, N501Y, D614G എന്നിവയാണ് ഇതിന്റെ പ്രധാന മ്യൂട്ടേഷനുകൾ. ഉയർന്ന വ്യാപനശേഷിയും ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. 

തെക്കേ അമേരിക്കയിലും യൂറോപ്പിലും മ്യൂ വേരിയന്റ് വലിയ വ്യാപനം സൃഷ്ടിച്ചിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ ബുള്ളറ്റിൻ പറയുന്നു. മ്യൂ വേരിയന്റായി ആഗോള തലത്തിൽ തിരിച്ചറിഞ്ഞ ജനിതക ശ്രേണികളുടെ എണ്ണം 0.1 ശതമാനമാണെങ്കിൽ കൊളംബിയയിൽ കണ്ടെത്തിയ 39 ശതമാനവും ഇക്വഡോറിലെ 13 ശതമാനവും വകഭേദങ്ങൾ മ്യൂ ആയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. 

ലോകമെമ്പാടും വേരിയന്റിന്റെ വ്യാപനം കുറയുന്നുണ്ടെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജിംഗ് ഡിസീസസ് വിഭാഗം യൂണിറ്റ് മേധാവി മരിയ വാൻ കെർഖോവ് പറഞ്ഞു. അമേരിക്കയും ഇതിനെ നിരീക്ഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും നിർണായകം പ്രതിരോധ കുത്തിവെയ്പാണ്. വാക്‌സിൻ സ്വീകരിക്കാത്തവരുടെ വലിയ ഗ്രൂപ്പുകൾ വൈറസിന് പുതിയ വകഭേദങ്ങളിലേക്ക് പരിണമിക്കാനും വ്യാപിക്കാനും അവസരമൊരുക്കുകയാണ് ചെയ്യുന്നത്. വാക്‌സിനേഷൻ കാര്യക്ഷമമായി നടപ്പാക്കാൻ കഴിയാത്ത ദരിദ്ര രാഷ്ട്രങ്ങളിൽ വൈറസ് വകഭേദങ്ങൾ അനിയന്ത്രിതമായി ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമം ശക്തിപ്പെടുത്തണമെന്ന് വിദഗ്ദ്ധർ പറയുന്നു. 

നിലവിലുള്ള വാക്‌സിനുകൾ രോഗത്തിന്റെ ഗുരുതരാവസ്ഥയും മരണനിരക്കും കുറയ്ക്കുമെങ്കിലും അണുബാധയെ തടയില്ല. കുത്തിവയ്പ് എടുത്ത ആളുകൾക്കിടയിൽ പോലും മൂക്കിലൂടെ കയറിപ്പറ്റി മറ്റുള്ളവർക്ക് രോഗം നൽകാൻ ഈ വൈറസിന് ഇപ്പോഴും കഴിവുണ്ട്. കൊറോണയെ തോൽപ്പിക്കാൻ ഒരു പുതിയ തലമുറ വാക്‌സിനുകൾ ആവശ്യമായി വന്നേക്കാെമെന്ന് മയോ ക്ലിനിക്കിലെ വാക്‌സിൻ ഡെവലപ്പർ ഡോ. ഗ്രിഗറി പോളണ്ട് പറയുന്നു. അതുവരെ പുതിയ കൊറോണ വൈറസ് വേരിയന്റുകളുടെ പിറവി നമ്മൾ കാണേണ്ടിവരും.