എയ്സറിന്റെ സി-720 ക്രോംബുക്ക് വീണ്ടും

11 ഇഞ്ചിന്റെ സി 720 ക്രോംബുക്കുമായി എയ്സർ വീണ്ടും എത്തി. ഗ്രേറ്റ് ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവെൽ പ്രമാണിച്ച് സ്നാപ് ഡീലിലൂടെയാണിത് ഇന്ത്യയിൽ ലഭ്യമാകുന്നത്. 15,999 രൂപയാണിതിന്റെ വില. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലോഞ്ച് ചെയ്തപ്പോൾ ഇതിന്റെ വില 22,999 രൂപയായിരുന്നു. അന്ന് തെരഞ്ഞെടുക്കപ്പെട്ട റീട്ടെയിൽ സ്റ്റോറുകളിലൂടെയായിരുന്നു വിറ്റഴിച്ചിരുന്നത്.
ഒരു വർഷത്തെ ഇന്റർനാഷണൽ ട്രാവലേർസ് വാറന്റിയോടെയാണ് ഇത്തവണ ക്രോംബുക്ക് എത്തുന്നത്. ഇതിന് പുറമെ രണ്ട് വർഷത്തേക്ക് സൗജന്യ 1ടിബി ഗൂഗിൾ ഡ്രൈവ് സ്പേസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 2999 രൂപ വിലയുള്ള സ്കുൾ കാൻഡി ഹെഡ്ഫോണുകളും ഇതിനൊപ്പം സൗജന്യമായി ലഭിക്കും.
എയ്സർ സി 720 ക്രോംബുക്ക്, ഗൂഗിളിന്റെ 64 ബിറ്റ് ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 11.6 ഇഞ്ച് എച്ച്ഡി (1366 ഇന്റു 768 പിക്സൽസ്) ടിഎഫ്ടി എൽസിഡി ബ്ലാക്ക്ലിറ്റ് ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഫോർത്ത് ജനറേഷൻ ഇന്റൽ സെലെറോൺ 2957യു പ്രൊസസ്സറാണ് കരുത്ത് പകരുന്നത്. 2 ജിബി റാമും ഇതിനുണ്ട്. 8 ജിബിക്ക് മുകളിൽ എക്സ്പാൻഡ് ചെയ്യാനുമാകും. 16 ജിബി എസ്എസ്ഡി ഡ്രൈവ് മാത്രമെ ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനായി ക്രോംബുക്കിലുള്ളൂ. 8.5 മണിക്കൂറുകൾ ഉപയോഗിക്കാവുന്ന 3 സെൽ ബാറ്ററികളാണ് ഊർജമേകുന്നത്.