ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ് പുറത്തിറങ്ങി; ഇനി മലയാളവും

ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ് അവതരിപ്പിച്ചു. ജെല്ലിബീനും കിറ്റ്കാറ്റിനും ശേഷമുള്ള ലോലിപോപ്പ് ആദ്യം ലഭിക്കുന്നത് ഗൂഗിളിന്റെ നെക്സസ് പരമ്പരയിലെ നെക്സസ് 6 സ്മാർട്ട്ഫോണിലും, നെക്സസ് 9 ടാബ്ലെറ്റിലുമായിരിക്കും.
 | 

ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ് പുറത്തിറങ്ങി; ഇനി മലയാളവും
ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ് അവതരിപ്പിച്ചു. ജെല്ലിബീനും കിറ്റ്കാറ്റിനും ശേഷമുള്ള ലോലിപോപ്പ് ആദ്യം ലഭിക്കുന്നത് ഗൂഗിളിന്റെ നെക്‌സസ് പരമ്പരയിലെ നെക്‌സസ് 6 സ്മാർട്ട്‌ഫോണിലും, നെക്‌സസ് 9 ടാബ്‌ലെറ്റിലുമായിരിക്കും.

മെറ്റീരിയൽ ഡിസൈൻ എന്ന് ഗൂഗിൾ പേരിട്ടിട്ടുള്ള രൂപഘടനയാണ് ലോലിപോപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ആനിമേഷനുകളുടെ അനായാസത, നിറങ്ങൾക്ക് കൂടുതൽ മിഴിവേകുന്ന ഡിസൈൻ, ബാറ്ററി ആയുസ് വർധിപ്പിക്കാനുള്ള പുതിയൊരു ബാറ്ററി സേവിംഗ് സംവിധാനവും ലോലിപോപ്പിലുണ്ട്. മലയാളം, തമിഴ് എന്നിവയടക്കം 15 പ്രാദേശിക ഭാഷകളും തെരഞ്ഞെടുക്കാൻ സാധിക്കും. ക്വിക് ഡിവൈസ് സെറ്റപ്, 64 ബിറ്റ് ആർക്കിടെക്ചർ പിന്തുണ, മാൽവെയറുകളിൽനിന്നും മറ്റ് വൈറസ് ആക്രമണങ്ങളിൽനിന്നും മികച്ച സുരക്ഷ, സുരക്ഷിതമായ പെയറിംഗിന് സ്മാർട്ട് ലോക്ക് സംവിധാനം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

മിഡ്‌നൈറ്റ് ബ്‌ളൂ, ക്‌ളൗഡ് വൈറ്റ് നിറങ്ങളിൽ ലഭ്യമാകുന്ന നെക്‌സസ് 6 ഇന്ത്യൻ വിപണിയിലെത്തുന്നതിനെ കുറിച്ചും വിലയെക്കുറിച്ചും വിവരങ്ങൾ ലഭ്യമായിട്ടില്ല. നെക്‌സസ് 5, നെക്‌സസ് 4 സ്മാർട്ട്‌ഫോണുകളിലും, നെക്‌സസ് 7, നെക്‌സസ് 10 ടാബ്‌ലെറ്റുകളിലും അടുത്ത ആഴ്ചയോടു കൂടി ലോലിപോപ്പ് അപ്‌ഡേറ്റ് ലഭിക്കും. വൈകാതെ തന്നെ മോട്ടോ എക്‌സ്, മോട്ടോ ജി, മോട്ടോ ഇ ഫോണുകളിലും ലോലിപോപ്പ് അപ്‌ഡേറ്റ് ലഭിക്കും. സ്മാർട്ട്‌ഫോൺ വിപണിയിലെ മേധാവിത്വം നിലനിർത്താനാണ് ലോലിപോപ്പിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്.