ആപ്പിള്‍ ഐഫോണ്‍ 7 ഇന്ന് പുറത്തിറക്കുന്നു
കാലിഫോര്‍ണിയ: ആപ്പിളിന്റെ ഐഫോണ് 7 ഇന്ന് പുറത്തിറങ്ങും. സാന്ഫ്രാന്സിസ്കോയില് നടക്കുന്ന വാര്ഷിക യോഗത്തില് ഐഫോണ് 7 പുറത്തിറക്കിയേക്കുമെന്ന് കരുതുന്നു. ഏറെ പ്രതീക്ഷയോടെ സാംസംഗ് പുറത്തിറക്കിയ നോട്ട് 7 ബാറ്ററി തകരാറിനെത്തുടര്ന്ന് തിരിച്ചുവിളിച്ചതോടെ ആപ്പിള് ഐഫോണ് 7ന്റെ വരവ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പുതിയ ഫോണിന്റെ സവിശേഷതകളെക്കുറിച്ച് ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.
ഹെഡ്‌ഫോണ്‍ കുത്തുന്നതിന് ഒരു പോര്‍ട്ട് മാത്രമായിരിക്കും പുതിയ ഫോണില്‍ ഉണ്ടാകുകയെന്ന് വിദഗ്ധര്‍ കരുതുന്നു. ഇത് ഉപഭോക്താക്കളെ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. പുതിയ അഡാപ്റ്റര്‍ ജാക്ക് ഉള്‍പ്പെടുത്താന്‍ ആപ്പിളിന് പദ്ധതിയുള്ളതിനാല്‍ പുതിയ ഫോണില്‍ പഴയ രൂപത്തിലുളള ഗിയര്‍ പൂര്‍ണമായി ഒഴിവാക്കിയേക്കില്ല. ഗുണനിലവാരം കൂടിയ ക്യാമറയാകും പുതിയ ഫോണിലെന്ന് കരുതുന്നു. താരതമ്യേന വലിയ മോഡലുകള്‍ക്ക് രണ്ട് ലെന്‍സുകളുണ്ടാകാനിടയുണ്ട്. ഡ്യൂവല്‍ ലെന്‍സ് ക്യാമറ ഉപയോഗിച്ച് ഒരേ സമയം വ്യത്യസ്തമായ രണ്ട് ദിശകളിലുള്ള ഫോട്ടോ എടുക്കാനാകും.
കൂടുതല്‍ മെമ്മറി അടങ്ങിയ ഫോണ്‍ വെള്ളം നനഞ്ഞാലും പ്രശ്‌നമില്ലാത്തതാകും. കറുപ്പ് അടക്കമുള്ള വ്യത്യസ്തമായ നിറങ്ങളില്‍ ഫോണുകള്‍ ഇറക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. പുതിയ മോഡല്‍ ഇന്ന് അവതരിപ്പിച്ചാലും ഉപഭോക്താക്കള്‍ക്ക് ഫോണ്‍ കൈകളിലെത്താന്‍ ഒന്നുരണ്ട് ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരും. നേരത്തെ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് വെളളിയാഴ്ച മുതല്‍ ഫോണ്‍ കൊടുത്തുതുടങ്ങുമെന്ന് കരുതുന്നു.