ട്രെയിനിലെ കോച്ചുകൾ വൃത്തിയാക്കാൻ ആപ്പ്

ട്രെയിനിലെ കോച്ചിനു വൃത്തിയില്ലെങ്കിൽ എന്തു ചെയ്യും? ഇനി യാത്രയിലുടനീളം അത് സഹിക്കേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യൻ റെയിൽവേ പറയുന്നത്.
 | 
ട്രെയിനിലെ കോച്ചുകൾ വൃത്തിയാക്കാൻ ആപ്പ്

 

മുംബൈ: ട്രെയിനിലെ കോച്ചിനു വൃത്തിയില്ലെങ്കിൽ എന്തു ചെയ്യും? ഇനി യാത്രയിലുടനീളം ഇത് സഹിക്കേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യൻ റെയിൽവേ പറയുന്നത്. ഉടൻ മൊബൈൽ ഫോൺ എടുത്ത് ഓൺലൈൻ വഴി പരാതി നൽകിയാൽ മതി. പതിനഞ്ച് മിനിറ്റിനുള്ളിൽ ക്ലീനിങ് തൊഴിലാളികളെത്തി വൃത്തിഹീനമായ ടോയ്‌ലറ്റും കോച്ചും വൃത്തിയാക്കുമെന്ന് അധികൃതർ പറയുന്നു. ഇതിനായി ‘ക്ലീൻ മൈ കോച്ച്’ എന്ന പേരിൽ വെബ്‌സൈറ്റും ഒരുക്കിയിട്ടുണ്ട്. താമസിയാതെ ഇത് പ്രവർത്തനക്ഷമമാകും.

cleanmycoach.com എന്ന വെബ്‌സൈറ്റിൽ നിന്നും യാത്രക്കാർക്ക് ‘ഒബ്‌സേർവ്’ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇത് വഴി പരാതി അറിയിക്കാം. മധ്യ റെയിൽവേയുടെ മുംബൈ ഡിവിഷനാണ് ഇതിന് പുറകിൽ. മുംബൈയിൽ നിന്നും പുറപ്പെടുന്ന ദീർഘ ദൂര ട്രെയിനുകളിലാണ് ഇത് സാധ്യമാകുന്നതെന്നും ഭാവിയിൽ ഇത് മറ്റ് സർവീസുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതരെ ഉദ്ദരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ഓൺലൈനിൽ പരാതി നൽകുന്നതിനായി യാത്രക്കാർ ട്രെയിനിന്റെ പി.എൻ.ആർ നമ്പറും മറ്റ് വിശദാംശങ്ങളും നിശ്ചിത സ്ഥലത്ത് നൽകണം. ട്രെയിനിലെ ക്ലീനിങിനായി ബന്ധപ്പെട്ട വ്യക്തിക്ക് കോച്ചും മറ്റ് വിവരങ്ങളുമടങ്ങിയ എസ്.എം.എസ് ലഭിക്കും.