ജനുവരി ഒന്ന് മുതൽ ഫേസ്ബുക്കിൽ വലിയ മാറ്റങ്ങൾ
ഫേസ്ബുക്കിലെ ഡാറ്റ ആൻഡ് കുക്കീസ് പോളിസികൾ അപ്ഡേറ്റ് ചെയ്യാൻ പദ്ധതിയിടുന്നതായി ഫേസ്ബുക്ക് വെളിപ്പെടുത്തി. 2015 ജനുവരി ഒന്ന് മുതലാണീ മാറ്റം പ്രാബല്യത്തിൽ വരുന്നത്. ഇതനുസരിച്ച് പ്രൈവസി ബേസിക്സിലും ആഡ് പ്രിഫറൻസ് ടൂളുകളിലും നിരവധി മാറ്റങ്ങൾ ഏർപ്പെടുത്തും. പുതിയ പരിഷ്കാരങ്ങൾ പ്രകാരം ഫേസ്ബുക്കിന്റെ പ്രൈവസി ബേസിക്സ് കൂടുതൽ എളുപ്പത്തിൽ ആക്സസ് ചെയ്യാനാകും.
ഇതിന്റെ ടിപ്പ്‌സുകളും നിർദേശങ്ങളുമടങ്ങിയ സെക്ഷൻ പ്രൈവസി ബേസിക്‌സ് സെക്ഷനിലേക്ക് മാറ്റും. ഫേസ്ബുക്ക് പ്രൈവസിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഇതിലൂടെ ചിത്രങ്ങൾ സഹിതം ഉത്തരം നൽകും. തങ്ങളെ സംബന്ധിച്ച വിവരങ്ങൾ എങ്ങനെ ഫേസ്ബുക്കിൽ നിയന്ത്രിക്കാമെന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് പ്രൈവസി ബേസിക്‌സ് ഫലപ്രദമായ ആശയവിനിമയത്തിലൂടെ ഉത്തരമേകുന്നത്. ഉദാഹരണമായി നിങ്ങൾക്ക് അൺടാഗിംഗ്, അൺഫ്രന്റിംഗ്, ബ്ലോക്കിംഗ്, നിങ്ങളുടെ പോസ്റ്റുകൾ ആരൊക്കെ കാണണമെന്ന് തീരുമാനിക്കൽ തുടങ്ങിയവയെ സംബന്ധിച്ച വിവരങ്ങൾ ഇതിലൂടെ 36 ഭാഷകളിൽ ഉത്തരം ലഭിക്കും.
മണിട്രാൻസാക്ഷനും ഓൺലൈൻ ഷോപ്പിംഗിനും ഫേസ്ബുക്കിലൂടെ അവസരമൊരുക്കാൻ കമ്പനി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി പുതിയ ബൈ ബട്ടൻ വികസിപ്പിക്കാനുള്ള ശ്രമം ഫേസ്ബുക്ക് തുടങ്ങിക്കഴിഞ്ഞു. അതിലൂടെ ഫേസ്ബുക്ക് വിടാതെ സാധനങ്ങൾ ഓൺലൈനിലൂടെ വാങ്ങാൻ സാധിക്കും. ഫേസ്ബുക്ക് യുസർമാർക്ക് കൂടുതൽ സൗകര്യപ്രദമായി ട്രാൻസാക്ഷനുകൾ നടത്താനും ഇതിലൂടെ വഴിയൊരുങ്ങുമെന്നാണ് സൂചന. ഫേസ്ബുക്ക് യൂസർമാർ അവരുടെ ലൊക്കേഷൻ ഓൺലൈനിലൂടെ ഷെയർ ചെയ്യുകയാണെങ്കിൽ സമീപത്തുള്ള റസ്റ്റോറന്റുകളിലെ മെനു ഓൺലൈനിലൂടെ ലഭ്യമാക്കാനും ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ട്.
നിങ്ങൾ ഫേസ്ബുക്കിലൂടെ എന്ത് വിവരങ്ങളാണ് ഷെയർ ചെയ്യുന്നതെന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ പേജിൽ വരുന്ന പരസ്യങ്ങൾ നിശ്ചയിക്കപ്പെടുന്നത് . ഇതിനെ ആഡ് പ്രിഫറൻസ് എന്നു പറയുന്നു. ഈ ആഡ് പ്രിഫറൻസിൽ വരുന്ന പുതിയ ടൂളിലൂടെ എന്തിനാണ് നിങ്ങൾ ഒരു പ്രത്യേക പരസ്യം കാണുന്നതെന്നും മറ്റും അറിയാനാകും.