യൂട്യൂബിന്റെയും ക്രോമിന്റെയും കുട്ടിവേർഷനുകൾ വരുന്നു
ഗൂഗിളിന്റെ ജനകീയമായ ഉൽപന്നങ്ങളുടെ കുട്ടികൾക്കായുള്ള വേർഷനുകളും പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചതായി ഗൂഗിളിന്റെ വൈസ് ്പ്രസിഡന്റായ പാവ്നി ദിവാൻജി വെളിപ്പെടുത്തി. സെർച്ച്, യൂട്യൂബ്, ക്രോം എന്നിവയുടെ ഉൽപന്നങ്ങളുടെ പുതിയ വേർഷനുകളാണ് ഇതുപ്രകാരം പുറത്തിറക്കുക.
12 വയസ്സിന് താഴെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണിവ വികസിപ്പിക്കുക. ഈ ഗണത്തിലുള്ള കുട്ടികളുടെ ഉപയോഗത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണിവ പുറത്തിറക്കുക. ഇതിലൂടെ തങ്ങളുടെ ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന കുട്ടികളുടെ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് മേൽനോട്ടം നടത്താൻ സാധിക്കുമെന്നാണ് ദിവാൻജിയുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇവ എപ്പോഴാണ് പ്രാബല്യത്തിൽ വരികയെന്നത് അറിവായിട്ടില്ല. ഇതിനെക്കുറിച്ച് ഗൂഗിളിന്റെ വക്താക്കളും പ്രതികരിച്ചിട്ടില്ല. എന്നാൽ ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ട് അദ്ദേഹം നിരാകരിച്ചിട്ടുമില്ല.