പാർക്കിൻസൺസ് രോഗികൾക്കായി ഗൂഗിൾ സ്പൂൺ വരുന്നു
ഗൂഗിൾ തങ്ങളുടെ പണവും ബുദ്ധിയും സാങ്കേതികവിദ്യയും ഒരു ലളിതമായ സ്പൂൺ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നു. സംഗതി ഗൂഗിൾ നിർമിച്ചതായതു കൊണ്ട് അത് ഒരു സാധാരണ സ്പൂണായിരിക്കാൻ വഴിയില്ല. എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ ഉള്ളതായിരിക്കും അതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കേട്ടോളൂ, പാർക്കിൻസൺസ് രോഗത്താൽ കഷ്ടപ്പെടുന്നവർക്ക് വിറയലിനെ അതിജീവിച്ച് ഭക്ഷണം കഴിക്കാനാണ് ഈ സ്മാർട്ട്സ്പൂൺ പ്രയോജനപ്പെടുന്നത്. സാധാരണ പാർക്കിൻസൺസ് രോഗികൾ ഭക്ഷണം കഴിക്കുമ്പോൾ കൈവിറയൽ കാരണം ഭക്ഷണം ചിതറിപ്പോകാറുണ്ട്. എന്നാൽ ഈ സ്പൂൺ ഉപയോഗിച്ച് കോരിക്കഴിക്കുമ്പോൾ ഇതൊഴിവാക്കാനാകുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.
സ്പൂൺ ബൗളിന്റെ കുലുക്കത്തെ 76 ശതമാനത്തോളം കുറയ്ക്കാൻ ഈ ലിഫ്റ്റ് വെയർ സ്പൂണിനാകുമെന്ന് ക്ലിനിക്കൽ ട്രയലുകളിലൂടെ തെളിഞ്ഞിട്ടുണ്ട്. കൈ വിറയ്ക്കുമ്പോൾ അതിനനുസൃതമായ അഡ്ജസ്റ്റ്മെന്റുകൾ വരുത്തി ബാലൻസ് ചെയ്യിക്കുന്ന സാങ്കേതികവിദ്യയാണീ സ്പൂണിൽ ഉപയോഗിച്ചിരിക്കുന്നത്. സെപ്റ്റംബറിലാണ് ഗൂഗിൾ ഷെയ്ക്ക് യൂടെൻസിൽ ബിസിനസിലേക്ക് കാലെടുത്ത് വച്ചത്. ഇതിനായി കമ്പനി ലിഫ്റ്റ് ലാബ്സ് എന്ന പേരിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്ഫണ്ടഡ് സ്റ്റാർട്ടപ്പിനെ ഏറ്റെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഉപകരണങ്ങൾ ഗൂഗിൾ വൈകാതെ പുറത്തിറക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.