‘ബ്ലൂ ടിക്’ സംവിധാനത്തെ നിയന്ത്രിക്കാൻ പുതിയ പതിപ്പുമായി വാട്‌സ് ആപ്

വാട്സ് ആപിലെ നീല ടിക്ക് പരീക്ഷണത്തിനെതിരെ പ്രതിഷേധമുയർന്നതിനെ തുടർന്ന് പുതിയ പതിപ്പുമായി വാട്സ് ആപ് രംഗത്ത്. ബ്ലൂ ടിക് പ്രവർത്തനരഹിതമാക്കാനുള്ള സംവിധാനമാണ് പുതിയ ഭേദഗതി. അയച്ച മെസേജുകൾ വായിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഇത്.
 | 

‘ബ്ലൂ ടിക്’ സംവിധാനത്തെ നിയന്ത്രിക്കാൻ പുതിയ പതിപ്പുമായി വാട്‌സ് ആപ്
ന്യൂയോർക്ക്: വാട്‌സ് ആപിലെ നീല ടിക്ക് പരീക്ഷണത്തിനെതിരെ പ്രതിഷേധമുയർന്നതിനെ തുടർന്ന് പുതിയ പതിപ്പുമായി വാട്‌സ് ആപ് രംഗത്ത്. ബ്ലൂ ടിക് പ്രവർത്തനരഹിതമാക്കാനുള്ള സംവിധാനമാണ് പുതിയ ഭേദഗതി. സന്ദേശം അയച്ചതായി വ്യക്തമാക്കുന്ന ഒരു ടിക്കും ഈ സന്ദേശം ഉദ്ദേശിച്ച വ്യക്തിക്ക് ലഭിച്ചെന്ന് വ്യക്തമാക്കുന്ന രണ്ട് ടികുമായിരുന്നു നിലവിലുള്ള സംവിധാനം.

എന്നാൽ അയച്ച മെസേജുകൾ വായിച്ചാൽ രണ്ട് നീല ശരി ചിഹ്നം പ്രത്യക്ഷപ്പെടുന്നതായിരുന്നു കഴിഞ്ഞയാഴ്ച വാട്‌സ് ആപ് അവതരിപ്പിച്ച പുതിയ പരീക്ഷണം. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിഷേധമുയർന്നതോടെയാണ് പുതിയ ബീറ്റ വേർഷനുമായി വാട്‌സ് ആപ് രംഗത്തെത്തിയത്.

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മാത്രമാകും പുതിയ സേവനം ലഭ്യമാകുക. ഭേദഗതികളോടു കൂടിയ വാട്‌സ് ആപിന്റെ പുതിയ പതിപ്പ് അവരുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. വൈകാതെ ഗൂഗിൾ പ്‌ളേസ്റ്റോറിലും എത്തും. ഐഒഎസിലും, വിൻഡോസിലും ഈ സംവിധാനം ലഭ്യമല്ലെന്നും കമ്പനി പറയുന്നു. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. പുതിയ ബീറ്റവേർഷൻ വാട്‌സ് ആപ് വെബ്‌സൈറ്റിൽനിന്ന് www.whatsapp.com/android ഡൗൺലോഡ് ചെയ്യുക സെറ്റിങ്‌സിൽ പ്രൈവസി സെലക്ട് ചെയ്യുക. റീഡ് റെസീപ്റ്റ് ഡീആക്ടിവേറ്റ് ചെയ്യുക. ഇനി നീല ടിക്ക് നിങ്ങളെ ശല്യം ചെയ്യുകയില്ല.