സെല്‍ഫി മരണങ്ങളില്‍ ഇന്ത്യ മുമ്പില്‍
മുംബൈ: റിസ്‌കെടുത്തൊരു സെല്ഫിയെടുത്ത് ഫെയ്സ്ബുക്കിലോ മറ്റ് സാമൂഹ്യ
മാധ്യമങ്ങളിലോ ഇടുമ്പോള് ലഭിക്കുന്ന ലൈക്കുകളും കമന്റുകളും യുവതലമുറയില്പ്പെട്ട പലര്ക്കും ഹരമാണ്. ഉയരം കൂടിയ കെട്ടിടങ്ങളോ വെള്ളച്ചാട്ടത്തിന് സമീപമോ ഒക്കെയാകും ഇത്തരം സെല്ഫികള്ക്ക് പലരും തിരഞ്ഞെടുക്കുന്നത്. എന്നാല് ഇത്തരം അപകടകരമായ സെല്ഫിയെടുക്കല് ചിലപ്പോഴൊക്കെ മരണത്തിന് കാരണമാകാറുണ്ട്. ഏറ്റവും പുതിയ കണക്കുകള് പ്രകാരം ലോകത്ത് സെല്ഫിയെടുക്കുമ്പോള് അപകടം സംഭവിച്ച് മരിക്കുന്നവരില് ഏറ്റവും കൂടുതല് പേര് ഇന്ത്യക്കാരാണ്. 2014നുശേഷം സെല്ഫിയെടുക്കുന്നതിനിടെ മരിച്ച 49 പേരില് 19 പേരും ഇന്ത്യക്കാരാണെന്ന് കണക്കുകള് വ്യക്തമാക്കുന്നു.
ഈ മാസം ആദ്യം ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിക്കുകയായിരുന്ന മഞ്ജിത് ചൗധരിയെന്ന പതിനാറുകാരന്‍ സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ കാല്‍ വഴുതി പാറയില്‍ വീണ് മരിച്ചു.
കഴിഞ്ഞ ജനുവരി പത്തിന് കൗമാരപ്രായക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ മുംബൈയിലെ ബാന്‍ഡ് സ്റ്റാന്‍ഡില്‍ കടല്‍വക്കില്‍ നിന്ന് സെല്‍ഫിയെടുക്കുമ്പോള്‍ കടലില്‍ വീണ് മരിച്ചു. റഷ്യ, യുഎസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ വരുന്നത്.