എൽ.ജി ഒരു മില്ലിമീറ്റർ മാത്രം കനമുള്ള വാൾപേപ്പർ ടി.വിഅവതരിപ്പിക്കുന്നു
ന്യൂഡൽഹി: കാലഘട്ടങ്ങൾക്കനുസരിച്ച് ടി.വിയുടെ രൂപവും ഭാവവും മാറിമാറി വരികയാണ്. ടെലിവിഷൻ രംഗത്ത് പുത്തൻ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് സൗത്ത് കൊറിയൻ കമ്പനിയായ എൽ.ജി. ഒരു മില്ലീമീറ്റർ മാത്രം കട്ടിയുള്ള വാൾപേപ്പർ ടി.വിയാണ് എൽ.ജി അവതരിപ്പിക്കുന്ന പുതിയ ഉത്പന്നം. 55 ഇഞ്ച് വീതിയുള്ള വേർപെടുത്തിയെടുക്കാൻ സാധിക്കുന്ന ഒ.എൽ.ഇ.ഡി പാനലാണ് ഈ സ്ലിം ടി.വിയുടെ പ്രത്യേകത. 1.9 കിലോയാണ് ഭാരം. മാഗ്നറ്റിക് മാറ്റ് ഉപയോഗിച്ച് ഭിത്തിയിൽ എവിടെ വേണമെങ്കിലും വാൾപേപ്പർ ടി.വി ഘടിപ്പിക്കാം.
വാൾപേപ്പർ ടി.വിയെ സ്ലിമ്മാക്കുന്നത് ഒ.എൽ.ഇ.ഡി പാനലാണെന്ന് കമ്പനി പറയുന്നു. 99 ഇഞ്ച് വീതിയുള്ള സ്ലിം ടി.വി ഈ വർഷം പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇത് കൂടാതെ 66, 77 ഇഞ്ച് ടി.വി കളും ഈ വർഷം തന്നെ വിപണിയിൽ എത്തിയേക്കും. ഭാവിയിൽ ഡിസ്പ്ലേയിൽ പല തരത്തിലുള്ള മാറ്റങ്ങൾ വരുത്താനും തീരുമാനിച്ചിട്ടുള്ളതായി കമ്പനി വൃത്തങ്ങൾ പറയുന്നു. സുതാര്യമായതും ചുരുട്ടാൻ സാധിക്കുന്നതും വളയുന്നതുമായ ഡിസ്പ്ലേകളും കമ്പനിയുടെ പരിഗണനയിലുണ്ട്.