സാംസങ്ങിന്റെ ആധിപത്യം മൈക്രോമാക്സ് തകർത്തു

മുംബൈ: സ്മാർട് ഫോൺ വിപണിയിലെ ഭീമൻ സാംസങ് ഇന്ത്യൻ വിപണിയിൽ അടിതെറ്റുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ത്രൈമാസ റിപ്പോർട്ടിൽ കാണുന്നത്. മൂന്ന് മാസത്തെ വിൽപ്പനയിൽ ഇന്ത്യൻ കമ്പനിയായ മൈക്രോമാക്സ് സാംസങിനെ മറികടന്ന് ഇന്ത്യൻ വിപണിയിൽ ഒന്നാമതെത്തി. ഇന്ത്യൻ വിപണിയുടെ 22 ശതമാനം കൈയ്യടക്കിയാണ് മൈക്രോമാക്സ് മുന്നിലെത്തിയത്.
നേരത്തെ വിപണിയിൽ ആധിപത്യമുണ്ടായിരുന്ന സാംസങ് ഇപ്പോൾ 20 ശതമാനത്തിലാണ് നിൽക്കുന്നത്. കുറഞ്ഞ വിലയിൽ കൂടുതൽ സൗകര്യങ്ങൾ നൽകാൻ കഴിഞ്ഞുവെന്നതാണ് മൈക്രോമാക്സിന്റെ വിജയ രഹസ്യമായി വിലയിരുത്തപ്പെടുന്നത്.
പ്രാദേശിക മാർക്കറ്റിനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞതാണ് മൈക്രോമാക്സ് മുമ്പിലെത്താൻ കാരണമെന്ന് മാർക്കറ്റ് അനലിസ്റ്റ് റുഷ്ബ പറഞ്ഞു. സ്മാർട്ട് ഫോണുകളിൽ കൂടുതൽ പ്രാദേശിക ഭാഷകൾ ലഭ്യമാക്കിയതും മൈക്രോമാക്സിന് ഗുണമായി. നാലുമാസം കൊണ്ട് 2 കോടി 16 ലക്ഷം ഫോണുകളാണ് മൈക്രോമാക്സ് വിറ്റഴിച്ചത്.