സാംസങ് ഗ്യാലക്സി സീരീസിന്റെ വില കുറച്ചു
വിലകുറയ്ക്കൽ തന്ത്രവുമായി ഇന്ത്യൻ വിപണി പിടിച്ചെടുക്കാനൊരുങ്ങുകയാണ് സാംസങ്. സാംസങ് ഗ്യാലക്സി എസ് ഫൈവിന്റേയും അതിന്റെ എൽടിഇ വേരിയന്റിന്റേയും വിലയാണ് കുറച്ചത്. ഗ്യാലക്സി എസ് 5 ഇപ്പോൾ ഓൺലൈൻ സ്റ്റോറുകളിലൂടെ 37,500 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇതിന് മുമ്പ് 43,250 രൂപയായിരുന്നു ഇതിന്റെ വില. അതായത് ഇപ്പോൾ വാങ്ങുന്നവർക്ക് 5,750 രൂപ ലാഭിക്കാമെന്ന് ചുരുക്കം.
45,290 രൂപയ്ക്ക് വിറ്റിരുന്ന ഗ്യാലക്സി എസ് 5 എൽടിഇ ഇപ്പോൾ 4,990 രൂപ കുറച്ച് 40,300 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് രണ്ടാം തവണയാണ് ഈ ഫോണുകളുടെ വിലയിൽ കുറവുണ്ടായിരിക്കുന്നത്. സെപ്റ്റംബർ ആദ്യവാരം ഇവയുടെ വിലയിടിഞ്ഞിരുന്നു. ഈ വിലക്കുറവ് ഉത്സവകാലത്തേക്കുള്ള താൽക്കാലിക വിലക്കുറവാണോ അതല്ല സ്ഥിരമായതാണോ എന്ന് വ്യക്തമായിട്ടില്ല. എന്നാൽ വിലക്കുറവ് വരുത്തിയിട്ടുണ്ടെങ്കിലും ഈ രണ്ട് ഫോണുകളും നോട്ട് ഇൻ സ്റ്റോക്ക് എന്നാണ് ഓൺലൈനിൽ സ്റ്റാറ്റസ് കാണിക്കുന്നത്. എന്നാൽ ഉപയോക്താക്കൾക്ക് ഇവ ലഭിക്കാനായി രജിസ്റ്റർ ചെയ്യാനായി നോട്ടിഫൈ മി എന്ന ഓപ്ഷനും ഇതിനൊപ്പം കാണാം.