ജർമൻ മതിലിന്റെ തകർച്ച വിഷയമാക്കി ഗൂഗിൾ ഡൂഡിൾ

ജർമൻ മതിൽ തകർന്ന് ഏകീകൃത ജർമനി ഉണ്ടായതിന്റെ 25ാം വാർഷികത്തിന് ഗൂഗിളിന്റെ മതിൽ ഡൂഡിൽ. മതിലിന്റെ തകർച്ചയുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ ഡൂഡിലാണ് ഇന്ന് ഗൂഗിളിലുള്ളത്. 1989 നവംബർ 9ന് ജർമൻ മതിൽ തകർന്ന് ഏകീകൃത രാഷ്ട്രം ഉണ്ടാകുന്നത് സിംബോളിക്കായി ചിത്രീകരിക്കുന്നതാണീ ഡൂഡിൾ.
വെസ്റ്റ് ബെർലിനിലെ ആളുകൾ ആ ദിവസം രാത്രി ഈസ്റ്റ് ജർമനിയിലെ ആളുകളെ സ്വീകരിക്കുന്നത് ഡൂഡിളിൽ ചിത്രീകരിച്ചിരിക്കുന്നു. തകർന്ന മതിലിന്റെ അവശിഷ്ടങ്ങൾ ലണ്ടൻ, സിയോൾ, കേപ്പ്ടൗൺ, മാഡ്രിഡ്, മോസ്കോ, ബ്യൂണസ് അയേഴ്സ്, മൗണ്ടയിൻ വ്യൂ, സോഫിയ വാഷിംഗ്ടൺ ഡിസി, ബെർലിൻ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നതും ഇതിലുണ്ട്.
ജർമനിയുടെ ഈ ഏകീകരണാനുഭവം എല്ലാവർക്കും ലഭ്യമാക്കുക എന്നതായിരുന്നു തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഗൂഗിളിന്റെ ഡൂഡിൾ സൃഷ്ടാക്കളായ റിയാൻ ജെർമിക്കും ലിയാത്ത് ബെൻ റാഫേലും പറയുന്നത്. നിരവധി പേരുടെ സഹായം ഇതിനുണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട ഫൂട്ടേജുകൾ സംഘടിപ്പിക്കാൻ 17 ഇന്റർനാഷണൽ ഫിലിം ക്രൂസിന്റെ സഹായം തേടിയിരുന്നുവെന്നും അവർ പറയുന്നു.
ജർമൻ ഫെഡറൽ ആർക്കേവ്സ് ശക്തമായ ആർക്കേവ് ഫോട്ടോകൾ ഇതിനായി നൽകിയിരുന്നു. ബെർലിൻ മതിൽ തകർന്നതോടെ രാജ്യത്തെ കമ്മ്യൂണിസത്തിന്റെ അന്ത്യം കുറിക്കുകയും ഏകീകൃത ജർമനി യൂറോപ്പിലെ ശക്തമായ ഒരു രാജ്യമാകുന്ന പ്രക്രിയക്ക് തുടക്കം കുറിക്കുകയുമായിരുന്നു.
ഡൂഡിൽ വീഡിയോ താഴെ കാണാം.