ഇൻബോക്സ്; ഗൂഗിളിന്റെ പുതിയ ഇമെയിൽ സർവീസ്
ഇൻബോക്സ് എന്ന പുതിയ ഇമെയിൽ സർവീസുമായി ഗൂഗിൾ വരുന്നു. നിലവിലുള്ള ജിമെയിൽ യൂസർമാർക്ക് സഹായകമാകുന്ന പുതിയ ആപ്ലിക്കേഷനാണിത്. ജിമെയിലിലെ പ്രധാനപ്പെട്ട ഇൻഫർമേഷനുകൾ എളുപ്പത്തിൽ കണ്ടെത്താൻ ഉപകരിക്കുന്ന ആപ്ലിക്കേഷനാണിത്. അതായത് മെയിലുകളുടെ കുത്തൊഴുക്കിൽപ്പെട്ട് പ്രധാനപ്പെട്ട പല മെയിൽ സന്ദേശങ്ങളെയും മറ്റും പരതി മടുക്കുന്ന ഒരു ബുദ്ധിമുട്ട് ഇന്ന് പലരും അഭിമുഖീകരിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാനാണ് ഗൂഗിൾ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നത്.
ഇതിലൂടെ ഇലക്ട്രോണിക് റസീപ്ററുകളും ബാങ്ക് സ്റ്റേററ്മെന്റുകളും ഒരു ബണ്ടിലിലേക്ക് സോർട്ട് ചെയ്യാൻ സാധിക്കും. അതുവഴി ആവശ്യമുള്ളപ്പോൾ അവ എളുപ്പം കണ്ടെത്താനും നമുക്ക് കഴിയും. ഇപ്പോൾ പ്രമോഷണൽ ഇമെയിലുകളെ ജിമെയിൽ വേർതിരിക്കുന്ന മെത്തേഡ് തന്നെയാണ് ഇൻബോക്സിലും ഉപയോഗിച്ചിരിക്കുന്നത്.
ഒരു ഇമെയിലിലെ പ്രധാനപ്പെട്ട പോയിന്റുകളെ തിരിച്ചറിയാൻ ഇൻബോക്സിന് കഴിവുണ്ടെന്നാണ് ഗൂഗിൾ പറയുന്നത്. അതായത് ഇമെയിലുകൾ യാത്രയുമായോ, ഇവന്റുമായോ , ഫോട്ടോകളുമായോ ബന്ധപ്പെട്ടതാണോയെന്ന് തിരിച്ചറിയാനും അതിനനുസരിച്ച് അവ വേർതിരിക്കാനും ഇൻബോക്സിന് കഴിയും. വിമാനത്തിന്റെ പുതുക്കിയ സമയം പോലുള്ള ഉപകാരപ്രദമായ സംഗതികൾ വെബ്സൈറ്റുകളിൽ നിന്ന് കണ്ടെടുത്ത് നമ്മെ ഓർമിപ്പിക്കാനും ഇൻബോക്സിന് സാധിക്കുമത്രെ. ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കാനും ഇതിന് സാധിക്കും.