ഐഫോണിന് ഭീഷണിയായി ടെക്‌സ്റ്റ് മെസേജ്
മുംബൈ: ഐഫോണുകള്‍ക്ക് ഭീഷണിയായി ഒരു മെസേജ് പ്രചരിക്കുന്നു. അറബിക് ഭാഷയിലുള്ള ഈ മെസേജ് തുറന്നാല് അത് ഫോണ് ക്രാഷ് ചെയ്യുന്നുവെന്നാണ് റിപ്പോര്ട്ടുകള്. എന്നാല് ഇത് വൈറസ് അല്ലെന്നാണ് വിദഗ്ദ്ധര് പറയുന്നത്.
പ്രത്യേക രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന അറബിക് അക്ഷരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഐഫോണുകള്‍ക്ക് ഉണ്ടാകുന്ന സാങ്കേതിക തകരാറാണ് ഇതിനു കാരണം. സുഹൃത്തുക്കള്‍ക്കിടയില്‍ തമാശയ്ക്കായാണ് ഇപ്പോള്‍ ഇത് പ്രചരിക്കുന്നത്. ഈ സന്ദേശം എങ്ങനെയാണ് പ്രചാരത്തില്‍ വന്നതെന്ന് വ്യക്തമല്ലെങ്കിലും റെഡ്ഡിറ്റിലൂടെ ആദ്യമെത്തിയ ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിയില്‍ പ്രചരിക്കുകയാണ്.
മെസേജ് നോട്ടിഫിക്കേഷനില്‍ ഇംഗ്ലീഷില്‍ പ്രത്യക്ഷപ്പെടുന്ന സന്ദേശം തുറക്കുമ്പോളാണ് മറ്റ് ക്യാരക്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഇവയെ ഉപകരണത്തിന് മനസിലാകാതെ വരുന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
ചിട്ടയില്ലാതെ ചിതറിക്കിടക്കുന്ന ക്യാരക്റ്ററുകളെ വിന്യസിക്കാന്‍ കഴിയാതെ വരുന്നതോടെ സ്വാഭാവികമായും ഉപകരണം റീബൂട്ട് ചെയ്യപ്പെടും. ഇത് തുടരുന്നത് ഫോണിന്റെ മറ്റ് ഉപയോഗങ്ങളെ തടസപ്പെടുത്തും. തുടര്‍ച്ചയായി ഫോണ്‍ ക്രാഷാകുന്നതില്‍ ഇന്റര്‍നെറ്റിനായിരിക്കും പഴി കേള്‍ക്കേണ്ടി വരിക.
പ്രത്യക്ഷത്തില്‍ തമാശയാണെന്ന് തോന്നാമെങ്കിലും ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയുള്ള ഒരു കുസൃതിയായാണ് മൊബൈല്‍ രംഗത്തെ വിദഗ്ദ്ധര്‍ കാണുന്നത്. മറ്റൊരിടത്തിരുന്ന് ഒരാളുടെ ഐഫോണ്‍ പ്രവര്‍ത്തന രഹിതമാക്കാനാകുന്നത് മുന്‍കൂട്ടി തയ്യാറാക്കിയുള്ള ആക്രമണങ്ങളെ സഹായിക്കുമെന്ന് ട്രിപ്‌വയര്‍ എന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനത്തിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ആക്രമണമുണ്ടാകുകയും അത് സുരക്ഷാ വിഭാഗത്തിലേക്ക് കൈമാറാന്‍ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ആപ്പിളിന്റെ ശ്രദ്ധയില്‍ ഈ വിഷയം എത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രശ്‌നം ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഫോണ്‍ ക്രാഷാകുകയാണെങ്കില്‍ അത് പരിഹരിക്കാനുള്ള മാര്‍ഗനിര്‍ദേശവും ആപ്പിള്‍ ഉപഭോക്താക്കള്‍ക്കായി പുറത്തുവിട്ടിട്ടുണ്ട്.