നാല് ലെൻസുകൾ മാറ്റി ഉപയോഗിക്കാവുന്ന സ്മാർട്ട് ഫോൺ; വില 8,499
ന്യൂഡൽഹി: ലെൻസുകൾ മാറ്റി ഉപയോഗിക്കാൻ സാധിക്കുന്ന സ്മാർട്ട് ഫോണുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ കമ്പനിയായ ഐബോൾ. നാല് ലെൻസുകൾ മാറി മാറി ഉപയോഗിക്കാം എന്നതാണ് ഈ ഫോണിന്റെ പ്രത്യേകത. 8x സൂം ലെൻസ്, 175-180 ഡിഗ്രി കാഴ്ച നൽകുന്ന ഫിഷ്ഐ ലെൻസ്, 10-15 എം.എം അകല കാഴ്ചകൾക്ക് വ്യക്തത നൽകുന്ന 10x മൈക്രോ ലെൻസ്, 130 ഡിഗ്രി കാഴ്ച നൽകുന്ന വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഫോണിൽ ഘടിപ്പിക്കാൻ സാധിക്കുന്ന ലെൻസുകൾ. കൊബാൾട്ട് എംഎസ്എൽആർ 4 എന്നാണ് ഫോണിന് നൽകിയിരിക്കുന്ന പേര്.
5 ഇഞ്ച് ഐ.പി.എസ് ക്യുഎച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് കൊബാൾട്ട് എംഎസ്എൽആർ 4ന്റെ പ്രവർത്തനം. ഒക്ടാ കോർ പ്രൊസസറാണ് ഒരു ജിബി റാം ശേഷിയുള്ള ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് .
മറ്റു ഫോണുകളിലേതു പോലെ മുൻ ക്യാമറയും പ്രധാന ക്യാമറയും കൊബാൾട്ടിനുണ്ട്. പ്രധാന ക്യാമറ എട്ടു മെഗാ പിക്സലും മുൻ കാമറ 3.2 മെഗാ പിക്സലുമാണ്. 8 ജിബിയാണ് ഇന്റേണൽ മെമ്മറി. മൈക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയർത്താനും സാധിക്കും. 8,499 രൂപയാണ ഇന്ത്യൻ വിപണിയിൽ ഫോണിന്റെ വില.



