ട്വിറ്ററിൽ വീണ്ടും യുആർഎൽ ഷെയറിംഗ് സൗകര്യം
ട്വിറ്ററിലൂടെ വീണ്ടും ഡയറക്ട് മെസേജിലൂടെ (ഡിഎം) യുആർഎൽ ഷെയറിംഗ് സൗകര്യം ഇന്ന് മുതൽ ലഭ്യമാക്കി. ഇന്നലെ ട്വിറ്റർ സപ്പോർട്ട് പേജിലാണ് ഇതു സംബന്ധിച്ച മെസേജ് വന്നതെന്ന് ദി നെക്സ്റ്റ് വെബ് റിപ്പോർട്ട് ചെയ്യുന്നു. സ്പാം ലിങ്കുകളെ തടയാനാണ് ഈ സംവിധാനം പുനസ്ഥാപിക്കുന്നതെന്ന് ട്വിറ്റർ പറയുന്നു.
ട്വിറ്ററിൽ ഒരു അക്കൗണ്ടിന് ഒരു ദിവസം 250 ഡയറക്ട് മെസേജുകൾ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അയക്കുന്ന മെസേജുകളും ലഭിക്കുന്ന മെസേജുകളുമടക്കമാണിത്. ഈ എണ്ണത്തിൽ കവിഞ്ഞാൽ യൂസർമാർക്ക് മെസേജുകൾ അയക്കാനും സ്വീകരിക്കാനും സാധിക്കുകയില്ല. ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ഡ്യൂപ്ലിക്കേറ്റ് മെസേജുകൾ അയക്കുന്ന യൂസർമാരുടെ ഡയറക്ട് മെസേജ് അയക്കാനുളള സൗകര്യവും ട്വിറ്റർ സസ്പെൻഡ് ചെയ്യും. സ്പാമിനെ തടയാൻ വേണ്ടിയാണീ നിരോധനങ്ങൾ രണ്ടും ഏർപ്പെടുത്തിയിരിക്കുന്നത്.
‘ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ഡ്യൂപ്ലിക്കേറ്റ് ഡയറക്ട് മെസേജുകൾ അയക്കുന്നത് സ്പാം ആക്ടിവിറ്റിയായി കണക്കാക്കുകയും തൽഫലമായി നിങ്ങൾക്ക് കുറച്ച് സമയം ഡയറക്ട് മെസേജുകൾ അയക്കാനുള്ള സൗകര്യം ഇല്ലാതാകുകയും ചെയ്യും. എന്നാൽ ചുരുങ്ങിയത് 30 മിനിറ്റെങ്കിലും ഡയറക്ട് മെസേജ് അയക്കാതിരുന്നാൽ നിങ്ങൾക്ക് ഈ സൗകര്യം തിരിച്ച് കിട്ടുകയും ചെയ്യും…’. ട്വിറ്ററിന്റെ സപ്പോർട്ട് പേജിൽ ഇങ്ങനെയാണ് ഇതിനെക്കുറിച്ച് എഴുതിയിരിക്കുന്നത്.
ഡയറക്ട് മെസേജിലൂടെ പബ്ലിക്ക് ട്വീറ്റുകളുടെ പ്രൈവറ്റ് ഷെയറിംഗ് സാധ്യമാക്കാനും ട്വിറ്റർ ആലോചിക്കുന്നതായി ദി നെക്സ്റ്റ് വെബ് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള ക്വാർട്ടറിൽ പുതിയ ചില പ്രൈവറ്റ് മെസേജിംഗ് ഫീച്ചറുകൾ അവതരിപ്പിക്കാൻ ട്വിറ്റർ ഉദ്ദേശിക്കുന്നതായി ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടിവ് ഡിക്ക് കൊസ്റ്റൊലൊ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു.