റോമിംഗിൽ വാട്സ് ആപ് സൗജന്യമായി ലഭിക്കാൻ ‘വാട്സിം’
റോം: വിദേശ യാത്രകളിൽ സൗജന്യമായി വാട്ട്സ് ആപ്പ് ഉപയോഗിക്കാനുള്ള സംവിധാനവുമായി ഒരു കമ്പനി. റോമിംഗിൽ വാട്സ് ആപ് സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള സിമ്മുമായി ഇറ്റാലിയൻ കമ്പനി സീറോമൊബൈലാണ് രംഗത്തെത്തിയത്. വാട്സ് ആപ് മാത്രം ലഭ്യമാക്കുന്ന സിമ്മാണിത്.
മൊബൈൽ കമ്മ്യൂണിക്കേഷന്റെ പ്രധാന ഭാഗമായി മാറിയ വാട്സ് ആപ്, വിദേശ യാത്രകൾക്കിടയിൽ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കാത്തത് ഒരു പരിമിതിയാണെന്ന് സീറോ മൊബൈൽ കമ്പനി സി.ഇ.ഒ മാനുവൽ സാനെല്ല പറയുന്നു. മിക്ക സ്ഥലങ്ങളിലും വൈ-ഫൈ സംവിധാനം ലഭ്യമാകാത്തതിനാൽ വാട്സ് ആപ് ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. ഇതിനൊരു പരിഹാരമായാണ് വാട്സിമ്മിന്റെ കണ്ടുപിടുത്തമെന്ന് മാനുവൽ പറയുന്നു.
150 രാജ്യങ്ങളിലാണ് സേവനം ലഭ്യമാകുക. അൺലിമിറ്റഡ് ടെക്സ്റ്റ് മെസേജാണ് കമ്പനി ഓഫർ ചെയ്യുന്നത്. ഫോട്ടോയും വീഡിയോകളും വോയിസ് മെസേജുകളും സൗജന്യമായി അയക്കാം. പ്രീപെയ്ഡ് വഴിയാണ് സേവനം ലഭ്യമാകുന്നത്. 1000 രൂപയ്ക്ക് റീചാർജ് ചെയ്താൽ 50 ഫോട്ടോകളും 10 വീഡിയോകളും അയക്കാം. വെബ്സൈറ്റിൽ റീചാർജ് ചെയ്യുന്നതിന് സൗകര്യമുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.
വാട്സിം വെബ്സെറ്റിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. ലോക്കൽ നെറ്റ്വർക്ക് ഡിസ്ട്രിബ്യൂട്ടർമാരുമായി ചേർന്ന് 100 രാജ്യങ്ങളിൽ സിം ലഭ്യമാക്കാനുള്ള പദ്ധതിയും കമ്പനിയുടെ പരിഗണനയിലുണ്ട്.