യൂ ട്യൂബിലൂടെ ഇനി കാശ് കൊടുത്ത് സംഗീതം കേൾക്കാം

വളരെക്കാലത്തെ കാത്തിരിപ്പിന് ശേഷം യൂ ട്യൂബിൽ പെയ്ഡ് മ്യൂസിക്ക് സബ്സ്ക്രിപ്ഷൻ സർവീസ് ആരംഭിക്കുന്നു. ‘യൂ ട്യൂബ് മ്യൂസിക് കീ’ എന്നാണീ പുതിയ സംവിധാനം അറിയപ്പെടുന്നത്. സാധാരണ യൂ ട്യൂബ് വീഡിയോയും മ്യൂസിക്കും ആസ്വദിക്കുമ്പോൾ ഇടയ്ക്ക് പരസ്യങ്ങൾ കയറി വന്ന് നമ്മുടെ രസച്ചരട് മുറിക്കാറുണ്ട്. എന്നാൽ കാശ് കൊടുത്തുള്ള സർവീസ് ആയതിനാൽ മ്യൂസിക്ക് കീയിൽ പരസ്യങ്ങളുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. മാസംതോറുമാണിതിന് സബ്സ്ക്രിപ്ഷൻ ചാർജ് നൽകേണ്ടത്. 7.99 ഡോളർ മുതലുള്ള നിരക്കുകളാണിതിനുള്ളത്. മറ്റ് ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുമ്പോഴും ഇതിലൂടെ വീഡിയോകൾ ഓഫ്ലൈനായി കാണാനും പാട്ട് കേൾക്കാനും ഈ സബ്സ്ക്രിപ്ഷനിലൂടെ വഴിയൊരുങ്ങുകയാണ്. യൂ ട്യൂബിന്റെ ‘ബിഗസ്റ്റ് മ്യൂസിക്ക് ഫാൻസു’കൾക്കാണ് ഒരു ഇൻവൈറ്റിലൂടെ ആദ്യം മ്യൂസിക് കീ ലഭ്യമാകുന്നത്. അവർക്ക് ആറ്മാസക്കാലത്തേക്ക് സൗജന്യമായി ലഭിക്കുന്ന ബീറ്റാ വേർഷനായി ശ്രമിക്കാവുന്നതാണ്. യൂ ട്യൂബിന്റെ ബ്ലോഗിലൂടെയാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.