സൈക്കിൾ യജ്ഞവും സിനിമാ കൊട്ടകയും; കാണികൾക്ക് വേറിട്ട അനുഭൂതിയുമായി സാൽവേഷൻ ആർമി ഗ്രൗണ്ട്

പുത്തൻ കാഴ്ചകളിൽ പഴയ കാലത്തിന്റെ നിറവും ഓർമ്മകളും നിറച്ച് കേരളീയം വേദിയായ കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട് പ്രേക്ഷകരെ ആകർഷിക്കുകയാണ്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഒരു മൈതാനമാകെ മലയാളിയുടെ ഗൃഹാതുരമായ ഓർമ്മകളെ പുനർനിർമ്മിച്ചിരിക്കുകയാണ് സാൽവേഷൻ ആർമി ഗ്രൗണ്ടിൽ. മുളസംഗീതം കേട്ട് വരുന്ന കാണികൾക്ക് പഴയ സിനിമ കൊട്ടകയിലിരുന്ന് ബ്ലാക്ക് ആൻഡ് വൈറ്റിലും ഈസ്റ്റ്മാൻ കളറിലും റീൽ സിനിമകൾ കാണാം. ആദ്യകാല ചലച്ചിത്രങ്ങളുടെ പോസ്റ്ററുകൾ കണ്ട് ഇറങ്ങുമ്പോൾ മുന്നിൽ ഗ്രാമീണചന്തയും ചായക്കടയും പിന്നിട്ട് നിലത്തെഴുത്ത് മാതൃകയിലുള്ള കുടിപ്പള്ളിക്കുടത്തിലെത്താം. അരികിൽ പഴയ റേഡിയോ പാർക്കും, ഗ്രാമീണ വായന ശാലയും കണ്ടറിഞ്ഞു പഴയ തലമുറയ്ക്ക് ഓർമ്മപുതുക്കാം.
ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്ന സൈക്കിൾ യജ്ഞമാണ് സാൽവേഷൻ ആർമിഗ്രൗണ്ടിലെ മറ്റൊരു സവിശേഷത. സൈക്കിൾ അഭ്യാസവും കുപ്പിച്ചിൽ നൃത്തവും മായാജാല പ്രകടനങ്ങൾക്കൊപ്പം പഴയ കാല ഹിറ്റ് ഗാനങ്ങളുടെ ലൈവ് റെക്കോർഡ് ഡാൻസും. എല്ലായിടങ്ങളിലും നിയന്ത്രണത്തിനായി പഴയകാല നിക്കർ പോലീസിന്റെ സാന്നിദ്ധ്യങ്ങളുമുണ്ട്. അഞ്ചലാപ്പീസാണ് മറ്റൊരു കൗതുകക്കാഴ്ച്ച. ഇവിടെയെത്തി അഞ്ചലോട്ടക്കാരനെ കണ്ട് ജനനായകർക്കുള്ള കത്തെഴുതി നൽകാം. ടെറാകോട്ടയിൽ ശില്പങ്ങളും, ചിത്രങ്ങളുമൊരുക്കുന്ന ഡെമോൺസ്ട്രേഷൻ ഇടമാണ് മറ്റൊരു ആകർഷണം. അരികിൽ ബസ് കാത്തിരുപ്പ് കേന്ദ്രവും ഉണ്ട്. മലയാളികൾ നടന്നുതീർത്ത കാലത്തെ കണ്ടറിഞ്ഞു മടങ്ങുന്ന വേറിട്ട അനുഭൂതിയാണ് കേരളീയത്തിന്റെ ഭാഗമായി സാൽവേഷൻ ആർമി ഗ്രൗണ്ട് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. വൈകുന്നേരം 5 മണിക്ക് എൻ.സി.സി കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനങ്ങളോടെയാണ് ഗ്രൗണ്ട് ഉണരുന്നത്. തുടർന്ന് വജ്രജൂബിലി ഫെലോഷിപ്പ് നേടിയ പ്രതിഭകളുടെ നാടൻ കലകളുടെ അവതരണത്തേയും തുടർന്നാണ് പഴമയുടെ നിറക്കാഴ്ചകൾ സജീവമാകുന്നത്. ഈ സാഹസിക പ്രകടനങ്ങൾ കാണാൻ നിരവധി പേരാണ് എത്തുന്നത്.