കേരളീയത്തിന്റെ സന്ദേശവുമായി കെ-Run ഗെയിം

 | 
K Run

കേരളീയം 2023ന്റെ ഭാഗമായി മൊബൈൽ ഗെയിം അവതരിപ്പിച്ചു. കേരളത്തിന്റെ കരുത്തും സൗന്ദര്യവും ലോകമൊട്ടാകെ എത്തിക്കാനായി ആവിഷ്കരിച്ച ഗെയിം (കേരള എവല്യൂഷൻ ൺ) ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ലോഞ്ച് ചെയ്തത്. പഴയകാല കേരളത്തിൽ നിന്ന് ആധുനിക കേരളത്തിലേക്കുള്ള യാത്രയായാണ് ഗെയിമിന്റെ രൂപകൽപ്പന. കെ.എസ്.ആർ.ടി.സി, കൊച്ചി മെട്രോ, വാട്ടർമെട്രോ, വിമാനത്താവളം തുടങ്ങി ഗതാഗത മേഖലയുടെ ദൃശ്യവൽക്കരണം ഗെയിമിലുണ്ട്. 

ആരോഗ്യം, വിദ്യാഭ്യാസം, മൽസ്യബന്ധനം തുടങ്ങി സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ മേഖലകൾ ഗെയിമിലെ യാത്രയിൽ വന്നുപോകും. ആകർഷകമായ ത്രീ ഡി അസറ്റുകൾ, വിഷ്വൽ എഫക്ട്സ്, സ്പേഷ്യൽ ഓഡിയോ തുടങ്ങിയവ ഗെയിമിനു മാറ്റുകൂട്ടുന്നു. ഓട്ടത്തിനിടെ കോയിനുകളും സമ്മാനങ്ങളും ശേഖരിക്കാം. ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകിയാൽ ബോണസ് പോയിന്റുകൾ ലഭിക്കും. വിനോദത്തിലൂടെ വിജ്ഞാനം എന്നതാണ് ലക്ഷ്യം. 

ആൻഡ്രോയ്ഡ്, വെബ് ആപ്ളിക്കേഷനുകളാണ് നിലവിൽ പൂർത്തിയായത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ 'K-Run' എന്നു സെർച്ച് ചെയ്ത് ഗെയിം ഇൻസ്റ്റാൾ ചെയ്യാം. വൈകാതെ ഐ.ഒ.എസ് പ്ലാറ്റ്ഫോമിലും ലഭ്യമാകും. കൊച്ചിയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് എക്സ് ആർ ഹൊറൈസൺ ആണ് ഗെയിം തയ്യാറാക്കിയത്. കമ്പനി സിഇഒ ഡെൻസിൽ ആന്റണി ഗെയിമിന്റെ സവിശേഷതകൾ ലോഞ്ചിംഗ് ചടങ്ങിൽ വിശദീകരിച്ചു. 

കനകക്കുന്ന് പാലസിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലും ചടങ്ങിൽ പങ്കെടുത്തു.