'കേരളീയം 2023'ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. 40 വേദികളിലായി ഏഴു ദിവസമാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ മികവുകളും നേട്ടങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് കേരളീയത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ നേട്ടങ്ങൾക്കൊപ്പം, സാംസ്കാരിക തനിമയും വിളിച്ചോതുന്നതായിരിക്കും ഓരോ പരിപാടിയും. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കമൽഹാസൻ. മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും വിവിധ വകുപ്പ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു. മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളീയയം പ്രവർത്തന റിപ്പോർട്ട് അവതരണം ചീഫ് സെക്രട്ടറി വേണു അവതരിപ്പിച്ചു. കേരളീയം സംഘാടക സമിതി ചെയർമാൻ മന്ത്രി വി ശിവൻകുട്ടി സംസാരിച്ചു.
കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, വ്യാപാരമേള, ഭക്ഷ്യമേള, ഫ്ളവര്‍ഷോ, ചലച്ചിത്രമേള തുടങ്ങി വിവിധ തരം ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുന്നൂറിലേറെ കലാപരിപാടികളിലൂടെ 4100ൽ പരം കലാകാരന്മാർ മാറ്റുരയ്ക്കും.