'കേരളത്തിന്റെ ഒരുമയും ഐക്യവും ഒരിക്കൽ കൂടി തെളിഞ്ഞു, അസാധ്യമെന്നു പറഞ്ഞതെല്ലാം കേരളം സാധ്യമാക്കി'; മുഖ്യമന്ത്രി

 | 
jyy


അസാധ്യമെന്നു പറഞ്ഞതെല്ലാം കേരളം സാധ്യമാക്കിയെന്ന് കേരളീയം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥ പോലും കണക്കാക്കാതെ നിരവധി ജനങ്ങൾ പങ്ക് കൊണ്ടു. മഴകൊണ്ടും മനുഷ്യർ പരിപാടികളിൽ പങ്കെടുത്തു. കേരളീയം വൻ വിജയമാക്കിയത് ജനങ്ങൾ. കേരളത്തിന്റെ ഒരുമയും ഐക്യവും ഒരിക്കൽ കൂടി തെളിഞ്ഞു. ധൂർത്താണെന്ന് പറഞ്ഞവർ കേരളത്തിന്റെ വേദിയിൽ ഒളിഞ്ഞു നോക്കാനെത്തി. അവരൊക്കെ അത്ഭുതങ്ങൾ കണ്ടുകണ്ണു തള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വരും കേരളത്തിനുള്ള മൂലധനമാണ് കേരളീയം നിക്ഷേപിച്ചത്. ലോകം കേരളത്തിലേക്ക് വരികയാണ്. കേരളീയത്തിനു പിന്നാലെ നിരവധി പരിപാടികൾ വരും. നന്മകളുടെ പൂങ്കൊമ്പുകളെ തല്ലിക്കെടുത്തുന്നവർ നിരവധി പ്രചാരവേലകൾ നടത്തിയെന്നും കേരളീയം ഇനി അങ്ങോട്ട്‌ എല്ലാ വർഷവും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളീയം സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ചുരുങ്ങിയ ദിവസംകൊണ്ടു എന്തിനു പരിപാടി നടത്തുന്നുവെന്ന് ഗവേഷണം ചെയ്യാൻ പോയവരുണ്ട്.
അവർക്കൊക്കെ ഇപ്പോൾ ദുരൂഹത എന്താണെന്ന് മനസ്സിലായി. അവർക്കുള്ള മറുപടി ആണ് ജനങ്ങളുടെ പങ്കാളിത്തം.വരും കാലം ഇനിയും വിപുലമായി കേരളീയം സംഘടിപ്പിക്കും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കുന്ന എണ്ണപ്പെട്ട പരിപാടിയായി കേരളീയം മാറുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സഹകരണ മേഖലയിൽ അചഞ്ചലമായ വിശ്വാസം ജനങ്ങൾക്കുണ്ട്.
അത് തകർക്കാൻ പല കോണുകളിൽ നിന്നും ശ്രമം നടക്കുന്നു. പക്ഷേ അത് വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ – മതനിരപേക്ഷ മൂല്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഉയർത്തി പിടിക്കും. വിദ്യാർത്ഥികൾക്ക് വസ്തു നിഷ്ഠമായ ചരിത്ര ബോധം നൽകും. NCERT ഒഴിവാക്കിയ ചരിത്ര ഭാഗങ്ങൾ കേരളം ഉൾപ്പെടുത്തി. ഭരണഘടന അവബോധമുള്ള ഭാവി തലമുറയെ സൃഷ്ടിക്കാനുള്ള ശ്രമം തുടരും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കും. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യ സ്ഥാനം ആക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പല കാര്യങ്ങളിലും കേന്ദ്ര സർക്കാർ ന്യായമായ വിഹിതം സർക്കാരിന് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അത് ലഭിക്കാൻ തുടർന്നും കേരളം സമ്മർദം ചെലുത്തും. റബർ കർഷകരെ സഹായിക്കാൻ കേന്ദ്രം കൂടുതൽ ഇടപെടൽ നടത്തണം. കേരളത്തിലെ റബർ കർഷകരോട് കേന്ദ്രം വിവേചനപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇതിനിടെ പലസ്തീൻ ജനങ്ങൾ അനുഭവിക്കുന്ന ജീവിതം വിഷമം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം കേരളീയം വേദിയിൽ പറഞ്ഞു. അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ നടത്തുന്നത് സമാനതകൾ ഇല്ലാത്ത ക്രൂരതയാണ്. ഇക്കാര്യത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ ആവില്ല.പലസ്‌തീൻ ജനങ്ങളോടുള്ള ഐക്യദാർഢ്യം ഒറ്റക്കെട്ടായി പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.