കലാപാഹ്വാനം, പ്രകോപനം; ഇ ബുള്‍ ജെറ്റിനെതിരെ വീണ്ടും പോലീസ് കേസ്

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്കെതിരെ വീണ്ടും പോലീസ് കേസ്. കലാപാഹ്വാനത്തിനും പ്രകോപനം സൃഷ്ടിക്കലിനുമാണ് കേസെടുത്തത്. സൈബര്‍ സെല്‍ ഓഫീസിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരുടെ സോഷ്യല്‍ മീഡിയ പേജിലെ വീഡിയോ ചൂണ്ടിക്കാട്ടിയാണ് നടപടി.
തോക്ക് ചൂണ്ടി പ്രകോപനമുണ്ടാക്കുന്ന വീഡിയോ ഉള്‍പ്പെടെ ഇവര്‍ക്കെതിരെയുള്ള നടപടിക്ക് കാരണമായിട്ടുണ്ട്. ഇവരുടെ മുന്‍ വീഡിയോകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സഹോദരന്‍മാര്‍ക്ക് മയക്കുമരുന്ന് ബന്ധമുണ്ടെന്നും അത് അന്വേഷിക്കണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ കേസെടുത്തിരിക്കുന്നത്. ആര്‍ടിഒ ഓഫീസില്‍ കയറി സംഘര്‍ഷമുണ്ടാക്കിയതിന് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരെ അറസ്റ്റ് ചെയതതിനെതിരെ പ്രകോപനകരമായ പോസ്റ്റുകള്‍ ഇട്ടതിന് നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.