നിലംതൊടാതെ എയറില്‍; സ്ത്രീവിരുദ്ധ പോസ്റ്റ് പിന്വലിച്ച് കേരള പോലീസ്

ട്രോളുകളും വിമര്ശനങ്ങളും രൂക്ഷമായതോടെ വിവാദ ഫെയിസ്ബുക്ക് പോസ്റ്റ് പിന്വലിച്ച് കേരള പോലീസ്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞ പോസ്റ്റില്‍ തിരുത്തലുകള്‍ വരുത്തിയിരുന്നു. എന്നിട്ടും വിവാദങ്ങള്‍ ഒഴിയാത്ത സാഹചര്യത്തിലാണ് പോസ്റ്റ് മുക്കിയത്.
സോഷ്യല്‍ മീഡിയയില്‍ 4000 അധികം ഫ്രണ്ട്‌സും ഫോളോവേഴ്സും ഉള്ള സ്ത്രീകള്‍ സാധാരണ ഫേയ്ക്ക് ആവാന്‍ സാധ്യത ഉണ്ടെന്ന വരികള്‍ ആണ് വിമര്‍ശനത്തിന് ഇടയാക്കിയത്. വിദഗ്ധര്‍ പറയുന്നു എന്ന പേരില്‍ ആണ് പോലീസ് പോസ്റ്റില്‍ ഇതു ചേര്‍ത്തത്. എന്നാല്‍ പിന്നീട് ഈ വരി ഒഴിവാക്കി. സ്ത്രീയുടെ അക്കൗണ്ടില്‍ കൂടുതല്‍ പുരുഷ സുഹൃത്തുക്കള്‍ ആണെങ്കില്‍ അതും വ്യാജ പ്രൊഫൈല്‍ ആയിരിക്കും എന്ന പരാമര്‍ശവും പിന്നീട് തിരുത്തി.
ആദ്യ പോസ്റ്റില്‍ സോഷ്യല്‍ മീഡിയയിലെ ഫേയ്ക്കുകളെ എങ്ങിനെ കണ്ടെത്താം എന്നതിന് 8 സാധ്യതകളുണ്ടെന്നായിരുന്നു പോസ്റ്റ് പറഞ്ഞിരുന്നത്. പിന്നീട് പോസ്റ്റ് എഡിറ്റ് ചെയ്ത് അത് അഞ്ചാക്കി തിരുത്തി. വ്യാജന്മാര്‍ ഏതു രൂപത്തിലും വരും എന്ന് തുടങ്ങുന്ന പോസ്റ്റ് നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നെങ്കിലും അതിലെ സ്ത്രീ വിരുദ്ധത വില്ലനായി. നിരവധി സ്ത്രീകളാണ് പോലീസിനെതിരെ വിമര്‍ശനവുമായി വന്നത്.