ഉമ്മറവാതിലിലൂടെ ജാരന്റെ കൂടെ ഇറങ്ങി പോകാം; തരൂരിനെതിരെ വീക്ഷണം ദിനപത്രം

ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം. പുരയ്ക്കു മീതേ ചാഞ്ഞാൽ പൊൻമരവും എന്ന തലക്കെട്ടോടെയാണു വീക്ഷണം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശശി തരൂരിന്റെ മോഡി അനുകൂല നിലപാടുകളോടുള്ള എതിർപ്പാണ് മുഖപ്രസംഗത്തിൽ നിറഞ്ഞിരിക്കുന്നത്. മറുവശത്തെ പ്രലോഭനങ്ങളിൽ ആകൃഷ്ടരായത് കൊണ്ടാകാം ഇപ്പുറത്തിരുന്ന് അപ്പുറത്തേക്ക് കണ്ണയക്കുന്നതെന്നു മുഖപ്രസംഗത്തിലൂടെ വീക്ഷണം വിമർശിക്കുന്നു.
 | 
ഉമ്മറവാതിലിലൂടെ ജാരന്റെ കൂടെ ഇറങ്ങി പോകാം; തരൂരിനെതിരെ വീക്ഷണം ദിനപത്രം

കൊച്ചി: ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗം. പുരയ്ക്കു മീതേ ചാഞ്ഞാൽ പൊൻമരവും എന്ന തലക്കെട്ടോടെയാണു വീക്ഷണം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശശി തരൂരിന്റെ മോഡി അനുകൂല നിലപാടുകളോടുള്ള എതിർപ്പാണ് മുഖപ്രസംഗത്തിൽ നിറഞ്ഞിരിക്കുന്നത്. മറുവശത്തെ പ്രലോഭനങ്ങളിൽ ആകൃഷ്ടരായത് കൊണ്ടാകാം ഇപ്പുറത്തിരുന്ന് അപ്പുറത്തേക്ക് കണ്ണയക്കുന്നതെന്നു മുഖപ്രസംഗത്തിലൂടെ വീക്ഷണം വിമർശിക്കുന്നു.

സ്വന്തം കൂട്ടിൽ കാഷ്ഠിക്കുന്നതിനേക്കാൾ മ്ലേഛവും അശ്ലീലവുമാണു ജാരന് നേരെ കടക്കണ്ണെറിയുന്നതെന്ന് മുഖപ്രസംഗം പറയുന്നു. കോൺഗ്രസ് പാർട്ടി നൽകിയ പദവിയിലിരുന്ന് ജാരന് അടുക്കളവാതിൽ തുറന്നു കൊടുക്കുന്നതിലും ഭേദം ഉമ്മറവാതിലിലൂടെ ജാരന്റെ കൂടെ ഇറങ്ങി പോകുന്നതാണ്. ചാനൽ പ്രതികരണങ്ങളിൽ നിഷ്പക്ഷതയുടെ മുഖമൂടിയണിയുകയും ട്വീറ്റുകളിലൂടെ മോഡിക്കുവേണ്ടി പ്രണയ ഗീതങ്ങൾ രചിക്കുകയും എഡിറ്റ് പേജുകളിൽ മോഡിക്കു മംഗളപത്രം എഴുതുകയും ചെയ്യുന്നവരുടെ ചോറ് ഇങ്ങും കൂറ് അങ്ങുമാണെന്നു വ്യക്തമാക്കപ്പെട്ടിരിക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു. ‘പൊൻമരമായാലും പുരക്ക് മീതെ ചാഞ്ഞാൽ വെട്ടി മാറ്റണം: അല്ലെങ്കിൽ കമ്പിയിട്ട് കെട്ടണം.’ വീക്ഷണം നിലപാട് വ്യക്തമാക്കുന്നു.

മുഖപ്രസംഗത്തിന്റെ പൂർണ്ണരൂപം:

സ്വന്തം കൂട്ടിൽ കാഷ്ഠിക്കുന്നതിനേക്കാൾ മ്ലേഛവും അശ്ലീലവുമാണ് സ്വന്തം കിടപ്പറയിലിരുന്ന് ജാരന് നേരെ കടക്കണ്ണെറിയുന്നത്. പവിത്രമല്ലാത്ത ഇത്തരം അവിശുദ്ധ വിചാരങ്ങൾ സത്യസന്ധതയ്ക്കും സദാചാരത്തിനും നിരക്കാത്തതാണ്. അപ്പുറത്തെ പ്രലോഭനങ്ങളിൽ ആകൃഷ്ടരായത് കൊണ്ടാവാം ഇപ്പുറത്തിരുന്ന് അപ്പുറത്തേക്ക് കണ്ണയക്കുന്നതും മനോവിചാരങ്ങളെ മേയാൻ വിടുന്നതും. നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനവും ഗാന്ധിജയന്തി നാളിലെ ശുചീകരണവും ചില വിദേശകാര്യ പണ്ഡിതന്മാരുടെ മനസ്സിലിരുപ്പ് അനാവൃതമാക്കി. നരേന്ദ്രമോഡിയുടെ മാഡിസൺ സ്‌ക്വയർ ഗാർഡനിലെ പ്രസംഗത്തെ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തോടുപമിച്ച് മോഡി ഫാൻസ് സംഘടനയിൽ അംഗത്വമെടുക്കാൻ തിരക്ക് കൂട്ടുന്നവരുടെ കൂട്ടത്തിൽ മേൽ പരാർമശിച്ചവരും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കോൺഗ്രസ് പാർട്ടി നൽകിയ പദവിയിലിരുന്ന് ജാരന് അടുക്കള വാതിൽ തുറന്നു കൊടുക്കുന്നതിലും ഭേദം ഉമ്മറവാതിലിലൂടെ ജാരന്റെ കൂടെ ഇറങ്ങി പോകുന്നതാണ്. ചാനൽ പ്രതികരണങ്ങളിൽ നിഷ്പക്ഷതയുടെ മുഖംമൂടിയണിയുകയും ട്വിറ്ററുകളിലൂടെ മോഡിക്ക് വേണ്ടി പ്രണയ ഗീതങ്ങൾ രചിക്കുകയും എഡിറ്റ് പേജുകളിൽ മോദിക്ക് മംഗളപത്രം എഴുതുകയും ചെയ്യുന്നവരുടെ ചോറ് ഇങ്ങും കൂറ് അങ്ങുമാണെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. പൊൻമരമായാലും പുരയ്ക്ക് മീതെ ചാഞ്ഞാൽ വെട്ടിമാറ്റണം; അല്ലെങ്കിൽ കമ്പിയിട്ട് കെട്ടണം.

ഒരു തെരഞ്ഞെടുപ്പ് പരാജയം താങ്ങാൻ കെൽപ്പില്ലാത്ത ഇത്തരം വിശുദ്ധ പശുക്കൾ എത്രനാൾ കോൺഗ്രസിന്റെ കൂടെയുണ്ടാകും. ഇപ്പോൾ കോൺഗ്രസിനുണ്ടായ വേനലും വറുതിയും കണ്ടു നിരാശരായ അവരെ ബിജെപി പക്ഷത്തെ സമൃദ്ധിയും ഭരണവും മോഹിപ്പിക്കുന്നുണ്ടാകാം. അനുകൂല കാലാവസ്ഥ തേടിയെത്തുന്ന ഇത്തരം സൈബീരിയൻ കൊക്കുകൾക്ക് ചില്ലയും കൂടും നൽകിയ കോൺഗ്രസ് പ്രവർത്തകരെയാണ് ഇവർ വഞ്ചിക്കുന്നത്. വിദേശ പാണ്ഡിത്യത്തിന്റെ അവസാന വാക്ക് തങ്ങളാണെന്ന് ധരിക്കുന്ന ഇവർ കോൺഗ്രസിലിരുന്ന് ബിജെപിയുടെ ക്യാംപസ് സെലക്ഷന് വേണ്ടി പരിശ്രമിക്കുന്നത് വിശ്വാസ വഞ്ചനയാണ്.

തെരഞ്ഞെടുപ്പ് നാളുകളിൽ നാടടക്കി നടത്തിയ പ്രചാരവേല പ്രതിച്ഛായ സൃഷ്ടിക്കായി മോഡി ഇപ്പോഴും തുടരുകയാണ്. മാഡിസൺ സ്‌ക്വയർ ഗാർഡനിൽ കണ്ടത് യഥാർത്ഥത്തിൽ മോഡി വിജയമായിരുന്നില്ല; മികച്ച പബ്ലിക് റിലേഷൻസിന്റെയും ഇവന്റ് മാനേജ്‌മെന്റിന്റെയും വിജയമായിരുന്നു. പ്രകൃതിദുരന്തങ്ങളിലും കലാപങ്ങളിലും കാണാത്ത മോഡി സാന്നിധ്യം മംഗൾയാൻ വിജയത്തിലും മാഡിസൺ സ്‌ക്വയറിലെ കണ്ണഞ്ചിപ്പിക്കുന്ന റോക്ക് വേദിയിലും നാം കണ്ടു. ഗാന്ധിജയന്തി ദിനത്തിലെ ചൂലെടുക്കലും ഇത്തരമൊരു പ്രതിച്ഛായ നിർമ്മിതിയായിരുന്നു. രാജാക്കൻമാരും ചക്രവർത്തിമാരും തങ്ങളുടെ കീർത്തി പ്രചരണത്തിന്റെ ചുമതലയേൽപ്പിച്ചത് വിദ്വൽസദസ്സുകളെയും വിദൂഷക സംഘത്തെയുമായിരുന്നു. അക്കാലത്തെ ഭരണാധികാരികൾക്കായുള്ള പിആർ പ്രവർത്തനം, ആധുനിക യുഗത്തിലും ഇവന്റ് മാനേജ്‌മെന്റ് എന്ന പേരിൽ വിദ്വാൻമാരും വിദൂഷകരും തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഗാന്ധിജയന്തി ദിനത്തിൽ ആൾദൈവം മുതൽ താരസുന്ദരി വരെയുള്ളവരോട് ചൂലെടുക്കാൻ മോഡി ആവശ്യപ്പെട്ടത് തെരുവിലെ മാലിന്യം നീക്കം ചെയ്യാനായിരുന്നില്ല; തന്റെ ഭൂതകാലത്തിലെ മാലിന്യം തുടച്ചുമാറ്റാനായിരുന്നു. മോഡിക്ക് വേണ്ടി ചൂലെടുക്കുന്നത് പാർട്ടി പ്രവർത്തകർ വിയർപ്പൊഴുക്കി നേടിയെടുത്ത പദവിയിലിരുന്നായിരിക്കരുതെന്ന് അവർ ആഗ്രഹിക്കുന്നു. ശുചീകരണം ഒരു പിആർ പ്രവർത്തനമല്ല എന്ന കമലഹാസന്റെ കൃത്യതയുള്ള മറുപടി ഏറെ പ്രഹരശേഷിയുള്ളതായിരുന്നു. പക്ഷെ കോൺഗ്രസിന്റെ നാവായി പ്രവർത്തിക്കാൻ ചുമതലയേറ്റവർ മോഡി സ്തുതിയിലൂടെ നമ്മെ അമ്പരപ്പിക്കുകയാണ്. കണിശതയുള്ള പ്രചാരവേലകളിലൂടെ കോൺഗ്രസിന്റെ ഭൂതകാല നന്മകളെ മായ്ക്കാനും ഭരണനേട്ടങ്ങളെ ഇകഴ്ത്താനും ബോധപൂർവമായ ശ്രമങ്ങൾ ബിജെപി നടത്തുമ്പോൾ അതിനെ പ്രതിരോധിക്കേണ്ടവർ പ്രശംസ ചൊരിയുന്നത് എത്രയേറെ വേദനാജനകമാണ്.

ഇന്ത്യയിലെയും അമേരിക്കയിലെയും മാധ്യമ മാടമ്പിമാർ മോഡിയുടെ അമേരിക്കൻ സന്ദർശനം മഹോത്സവമാക്കി മാറ്റിയപ്പോൾ അടികൊണ്ടു വീണ രാജ്ദീപ് സർദേശായിയെ കൈപിടിച്ചു പൊക്കാൻ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പുണ്യഭൂമിയിൽ ഒരാൾ പോലും ഉണ്ടായില്ല. മോഡിക്ക് വേണ്ടി എഡിറ്റ് പേജിൽ ആറുകോളം ലേഖനമെഴുതിയ വിദേശകാര്യ പണ്ഡിതന്മാർ ഇക്കാര്യം പരാമർശിക്കപോലും ചെയ്തില്ല. പക്ഷെ രാജാവ് നഗ്‌നനാണെന്ന് പറയാൻ ഒരാളെങ്കിലുമുണ്ടായി. മോഡിയുടെ സന്ദർശനം ആഡംബരത്തിൽ വലുതും സത്തയിൽ ചെറുതുമാണെന്ന് വിശേഷിപ്പിച്ച വാൾസ്ട്രീറ്റ് ജേർണലിലെ മൈക്കൾ കുഹെൽമാനുണ്ടായ ധർമ്മബോധം വിദേശകാര്യപ്രതിഭയും കോൺഗ്രസിന്റെ നാവായി വർത്തിക്കുകയും ചെയ്യുന്ന വിശുദ്ധ പശുക്കൾക്കുണ്ടായില്ല. വാഴ്ചയിൽ അടുപ്പം കാണിക്കുകയും വീഴ്ചയിൽ അകലുകയും ചെയ്യുന്ന സൗഹാർദ്ദം സംശയിക്കേണ്ടതാണ്. പറ്റിയ പിഴവുകൾ തിരുത്തുന്നില്ലെങ്കിൽ പുരനിറഞ്ഞു നിൽക്കുന്ന ഇത്തരക്കാരെ കെട്ടിച്ചയക്കുന്നതാവും ഉചിതം.