ഏറെ നാളിന് ശേഷം ഭർത്താവിനെ കാണാനാകുന്നതിൽ സന്തോഷം: സാക്ഷി ധോണി

റാഞ്ചി: നീണ്ട നാളത്തെ പര്യടനത്തിന് ശേഷം ഭർത്താവിനെ കാണാനാകുന്നതിൽ സന്തോഷമുണ്ടെന്ന് സാക്ഷി ധോണി ട്വിറ്ററിൽ. ഭർത്താവിനും ടീം ഇന്ത്യക്കും സാക്ഷി തന്റെ പിന്തുണയും അറിയിച്ചു. ഇന്ത്യ പൊരുതി. ടീം ഇന്ത്യയുടെ പ്രകടനത്തിൽ അഭിമാനമുണ്ട്. ചില കളി ജയിച്ചപ്പോൾ പരാജയവും ഉണ്ടായി. ഒടുവിൽ തന്റെ ഭർത്താവിനെ കാണാൻ സാധിക്കും. സാക്ഷി തന്റെ ട്വിറ്ററിൽ കുറിച്ചു.

നാല് മാസങ്ങൾക്ക് ശേഷമാണ് ധോണി വീട്ടിൽ തിരിച്ചെത്തുന്നത്. ഫെബ്രുവരിയിൽ ജനിച്ച മകൾ സിവയെ കാണാൻ പോലും ഇന്ത്യൻ ക്യാപ്റ്റൻ ലോകകപ്പ് പരിശീലനം ഉപേക്ഷിച്ചില്ല എന്നത് വാർത്തയായിരുന്നു.
ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയോട് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ആരാധകരുടെ പ്രതികരണത്തെ ഭയന്ന് ധോണിയുടെ റാഞ്ചിയിലെ വീടിന് സുരക്ഷ ശക്തമാക്കിയിരുന്നു. സുരക്ഷ മുൻ നിർത്തി ഇന്ത്യൻ താരങ്ങളുടെ യാത്ര സംബന്ധിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ താരങ്ങളും കോഹ്ലിയുടെ പുറത്താകലിന്റെ പേരിൽ കാമുകി അനുഷ്ക ശർമ്മയും സോഷ്യൽ മീഡിയയിൽ കടുത്ത ആക്രമണം ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസം സിഡ്നിയിൽ നടന്ന സെമിയിൽ ഓസ്ട്രേലിയയോട് 95 റൺസിനാണ് ഇന്ത്യ തോറ്റത്. 329 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46 ഓവറിൽ 233 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 65 റൺസെടുത്ത ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണ് ടീമിലെ ടോപ്പ് സ്കോറർ.