അവിജിത് റോയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം അൽ ഖ്വയ്ദ ഏറ്റെടുത്തു

ബംഗ്ലാദേശ് ബ്ലോഗറും യു.എസ് പൗരനുമായ അവിജിത് റോയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദ ഏറ്റെടുത്തു.
 | 
അവിജിത് റോയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം അൽ ഖ്വയ്ദ ഏറ്റെടുത്തു

 

ന്യൂയോർക്ക്: യു.എസ് പൗരനായ ബംഗ്ലാദേശ് ബ്ലോഗർ അവിജിത് റോയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ അൽ ഖ്വയ്ദ ഏറ്റെടുത്തു. ശനിയാഴ്ച പുറത്തുവിട്ട ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് അൽ ഖ്വയ്ദ നേതാവ് അസിം ഉമർ ഇക്കാര്യം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 26 നാണ് ഒരു പുസ്തക പ്രകാശനത്തിൽ പങ്കെടുത്ത ശേഷം ഭാര്യയ്‌ക്കൊപ്പം മടങ്ങുകയായിരുന്ന അവിജിത് റോയിയെ തെരുവിൽ വച്ച് അക്രമികൾ ധാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. ഇത് ബംഗ്ലാദേശിലും മറ്റും വൻ പ്രതിഷേധത്തിനിടയാക്കി.

ഇസ്ലാം വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിൽ വിവാദ ബ്ലോഗിങ് നടത്തി എന്നായിരുന്നു അവിജിതിനെതിരായ ആരോപണം. ഇതു കൂടാതെ 2014 ൽ കറാച്ചിയിൽ വച്ച് ഇസ്ലാമിക് പണ്ഡിതൻ മുഹമ്മദ് ഷക്കീലിനെ വധിച്ചതിന്റെയും 2013 ൽ പാകിസ്ഥാൻ ബ്ലോഗർ അനീഖ നാസ്, ധാക്കയിൽ വച്ച് മറ്റൊരു ബ്ലോഗർ രജീബ് ഹൈദർ എന്നിവരുടെ കൊലപാതകത്തിന്റെയും ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിട്ടുണ്ട്. ദൈവ നിന്ദകർ എന്നാണ് അൽ ഖ്വയ്ദ നേതാവ് അസിം ഉമർ ഇവരെ വിശേഷിപ്പിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾ ഓൺലൈനിൽ ഏകോപിപ്പിക്കുന്ന സൈറ്റ് ഇന്റലിജൻസ് ഗ്രൂപ്പ് ആണ്് വീഡിയോ പുറത്തു വിട്ടത്.

ഫ്രാൻസ്, ഡെൻമാർക്ക്, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ദൈവദൂഷണം ചെയ്യുന്നവരെ ഒരു പാഠം പഠിപ്പിച്ചതായും ഉമർ വീഡിയോയിൽ പറയുന്നു.