എന്താണ് സിദ്ദിഖ് താങ്കളിങ്ങനെ? ബിന്ദു കൃഷ്ണ ചോദിക്കുന്നു
കൊച്ചി: കോൺഗ്രസ് നേതാവും എംഎൽഎയുമായ ടി. സിദ്ദിഖിനെതിരേ ഗാർഹിക പീഡനക്കേസ് ഫയൽ ചെയ്തത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം ടി. സിദ്ദിഖ് രാജി വച്ചു. സിദ്ദിഖിന്റെ കുടുംബ വിഷയമായതിനാൽ ഇടതു വലതു നേതാക്കളാരും വിഷയത്തിൽ അഭിപ്രായം പറഞ്ഞതുമില്ല. എന്നാൽ സിദ്ദിഖിന്റെ സഹപ്രവർത്തകയായ ബിന്ദു കൃഷ്ണ വിഷയത്തിൽ അഭിപ്രായം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബിന്ദുവിന്റെ അഭിപ്രായ പ്രകടനം. കുടുംബ ജീവിതം സിദ്ദിഖ് എറിഞ്ഞുടയ്ക്കരുതായിരുന്നു എന്നാണ് ബിന്ദു കൃഷ്ണയ്ക്ക് സിദ്ദിഖിനോട് പറയാനുള്ളത്. എന്ത് കാര്യങ്ങൾ കൊണ്ടാണ് പ്രണയിച്ചു വിവാഹം കഴിച്ച സിദ്ദിഖും നസീമയും പരിഞ്ഞ്. പ്രണയിച്ച് വിവാഹം കഴിച്ച നസീമയെയും കുഞ്ഞുങ്ങളേയും പെരുവഴിയിലിട്ടിട്ട് താങ്കളെന്തിനാണ് പുതിയ മേച്ചിൽ പുറങ്ങൾ തേടിപ്പോയതെന്നും ബിന്ദു കൃഷ്ണ ചോദിക്കുന്നു. നസീമയുമായി പിരിഞ്ഞിതിന് ശേഷമുണ്ടായ സംഭവങ്ങൾ സിദ്ദിഖിനെ മാത്രമല്ല പാർട്ടിയേയും നാണം കെടുത്തിയെന്നും ബിന്ദു കൃഷ്ണ പറയുന്നു.
എന്നാൽ ബിന്ദു കൃഷ്ണ സിദ്ദിഖിന്റെ കുടംബ കാര്യത്തിൽ ഗ്രൂപ്പ് രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പക്ഷം.
ഗ്രൂപ്പ് കളിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ ബിന്ദു കൃഷ്ണ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വന്നുവെന്നാണ് ചിലരുടെ പരിഹാസം. സരിത വിഷയം ഉൾപ്പെടെയുള്ള വിവാദങ്ങളിൽ മൗനം പാലിച്ച ബിന്ദു കൃഷ്ണ സിദ്ദിഖ് വിഷയത്തിൽ പ്രതികരിച്ചതിന്റെ ഉദ്ദേശം ഗ്രൂപ്പ് കളി മാത്രമാണ്. സിദ്ദിഖിനെ അറിയുന്നവർ അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ വിശ്വസിക്കില്ലെന്നും സിദ്ദിഖ് അനുകൂലികൾ പറഞ്ഞു. ബിന്ദുകൃഷ്ണയെ അനുകൂലിക്കുന്നവരും കുറവല്ല.
ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ന് രാത്രി ന്യുസ് അവർ കണ്ട് ഒരു പാട് സങ്കടമുണ്ടായി. എന്താണ് സിദ്ദിഖ് താങ്കളിങ്ങനെ? സിദ്ദിഖിനെ പ്പോലെ ഊർജ്ജ്വസ്വലനായ ഒരു പൊതു പ്രവർത്തകനെക്കുറിച്ച് ഈ നാടിന് ഒത്തിരി പ്രതീക്ഷകളുണ്ടായിരുന്നു എന്നത് നിങ്ങൾ തിരിച്ചറിഞ്ഞില്ലേ? വ്യക്തിജീവിതത്തിലും പൊതു ജീവിതത്തിലും സ്ഫടിക ശുദ്ധിയുള്ള നമ്മുടെ നേതാക്കളെ മാത്യകയാക്കിയല്ലേ നമ്മുടെ തലമുറ വളർന്നുവന്നത്. എന്നിട്ടുമെന്തേ സിദ്ദിഖ് ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതായ കുടുംബം നിങ്ങൾ എറിഞ്ഞുടച്ചത്? ഒരു തെറ്റും ചെയ്യാതെ പൊതുപ്രവർത്തകർ ആയതു കൊണ്ടു മാത്രം നമ്മളൊക്കെ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുേമ്പാഴും യാതൊരു പരിഭവുമില്ലാതെ സ്വന്തം കർമ്മങ്ങൾ ചെയ്യുന്നവരല്ലേ നമ്മൾ. പിന്നെന്തിനാണ് സ്വന്തം പ്രിയതമയേയും (സ്‌നേഹിച്ച് വിവാഹം കഴിച്ച വരല്ലേ നിങ്ങൾ) പൊന്നുമക്കളേയും പെരുവഴിയിൽ തനിച്ചാക്കി പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ പോയത്? അവിടേയും രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്ക് ഉപ്പയെ നഷ്ടപ്പെടുത്തിയില്ലേ. പ്രിയ സഹോദരാ എന്ത് നേടി നിങ്ങൾ? നൈമിഷിക സുഖങ്ങൾക്കപ്പുറം കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾക്കല്ലേ നമ്മൾ നമ്മളെ സമർപ്പിക്കേണ്ടത്? നമ്മുടെ പാർട്ടിയിൽ പോലും ഒരു പാട് അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ നമ്മൾ അഭിപ്രായ സമന്വയത്തിലെത്തി മുന്നോട്ട് പോകുന്നുവല്ലോ. എന്നിട്ടുമെന്തേ ആ പൊന്നുമക്കൾക്കു വേണ്ടി ഒന്നും സഹിക്കാൻ തയ്യാറാകാഞ്ഞത്? പിന്നെങ്ങനെയാണ് താങ്കൾ പൊതു കാര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത്? നസീമയുമായി പിരിഞ്ഞതിന് ശേഷമുള്ള ഓരോ സംഭവങ്ങളും താങ്കൾക്കു മാത്രമല്ല പാർട്ടിക്കും നാണക്കേടുണ്ടാക്കി. ഇനിയെങ്കിലും ഇതൊന്നവസാനിപ്പിക്കു..പ്ലീസ്….