സിപിഐ പോയാലും എല്ഡിഎഫ് തകരില്ലെന്ന് ചെറിയാന് ഫിലിപ്പ്
സിപിഐ പോയാലും എല്ഡിഎഫ് തകരില്ലെന്ന് ചെറിയാന് ഫിലിപ്പ്. മുന്നണി ബന്ധങ്ങളില് മാറ്റം വരുമെന്നും ഫേസ്ബുക്ക് പോസ്റ്റില് ചെറിയാന് ഫിലിപ്പ് പറഞ്ഞു. മൂന്നാര് വിഷയത്തിലുള്പ്പെടെ സിപിഎം നിലപാടുകളെ സിപിഐ നിരന്തരം വിമര്ശിക്കുന്ന സാഹചര്യത്തിലാണ് സിപിഎം സഹയാത്രികനായ ചെറിയാന് ഫിലിപ്പിന്റെ പ്രതികരണം.
റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ പാപ്പാത്തിച്ചോലയില്‍ കുരിശ് തകര്‍ത്തപ്പോള്‍ അതിനെ മുഖ്യമന്ത്രിയും സിപിഎമ്മും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
മഹിജയുടെ സമരത്തിലും സിപിഎം നിലപാടില്‍ നിന്ന് വ്യത്യസ്തമായാണ് സിപിഐ അഭിപ്രായം പറഞ്ഞത്. മുന്നണിക്കുള്ളില്‍ വിമര്‍ശനമുയര്‍ത്തുന്ന സിപിഐക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒന്നിലേറെത്തവണ രംഗത്തെത്തിയിരുന്നു. എതിരഭിപ്രായങ്ങളും വിമര്‍ശനവുമായി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും എത്തിയതോടെ മുന്നണിയിലെ അഭിപ്രായവ്യത്യാസം പരസ്യമായിരുന്നു.