രാഹുല്‍ ഗാന്ധിക്കെതിരായ ‘പപ്പു’ പ്രയോഗം ജാഗ്രതക്കുറവെന്ന് സമ്മതിച്ച് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍

കൊച്ചി: വയനാട് സ്ഥാനാര്ത്ഥിത്വത്തിന് പിന്നാലെ കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയെ പപ്പുമോന് എന്ന് വിശേഷിപ്പിച്ച് മുഖപ്രസംഗമെഴുതിയ സംഭവത്തില് വിശദീകരണവുമായി ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്റര് പി.എം മനോജ്. മുഖപ്രസംഗത്തില് പപ്പു സ്ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണെന്നും ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ പിശക് തിരുത്തുമെന്നും അദ്ദേഹം ഫേസ്ബുക്കില് എഴുതിയ കുറിപ്പില് പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തില് രാഹുല് ഗാന്ധി മത്സരിക്കുമെന്ന് സ്ഥിരീകരണം വന്നതിന് പിന്നാലെയായിരുന്നു ‘കോണ്ഗ്രസ് തകര്ച്ച പൂര്ണമാക്കാന് പപ്പു സ്ട്രൈക്ക്’ എന്ന തലക്കെട്ടോടെ ദേശാഭിമാനി മുഖപ്രസംഗമെഴുതിയത്. സോഷ്യല് മീഡിയയില് വ്യാപക പ്രതിഷേധമാണ് പപ്പു പ്രയോഗത്തിനെതിരെ ഉയര്ന്നിരിക്കുന്നത്. പിന്നാലെയാണ് വിശദീകരണവുമായി പി.എം മനോജ് രംഗത്ത് വന്നിരിക്കുന്നത്.
സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ ‘മഹാന്മാ’രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാല്‍ സിപിഎമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയില്‍ എഡിറ്റോറിയല്‍ എഴുതാമെന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ വിടി ബല്‍റാം വിഷയത്തില്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ പല രാഷ്ട്രീയ നേതാക്കന്മാര്‍ക്കും എതിരാളികള്‍ പരിഹാസപൂര്‍വ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോള്‍ കടന്നുവരാറുമുണ്ട്. അതിന്റെ പേരില്‍ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തില്‍ കൈപ്പറ്റുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണെന്നും ബല്‍റാം കുറ്റപ്പെടുത്തി.
പി.എം മനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്
രാഹുല്‍ഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ല. രാഹുല്‍ഗാന്ധിയെ ബിജെപി പപ്പുമോന്‍ എന്ന് വിളിച്ചപ്പോഴും കോണ്‍ഗ്രസിന്റെ വടകര സ്ഥാനാര്‍ഥിയായ കെ മുരളീധരന്‍ സോണിയാഗാന്ധിയെ മദാമ്മ എന്ന വിളിച്ചപ്പോഴും ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല; എതിര്‍ത്തിട്ടേ ഉള്ളൂ. തിങ്കളാഴ്ച മുഖപ്രസംഗത്തില്‍ പപ്പു സ്ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങള്‍ ഒട്ടും മടിച്ചു നില്‍ക്കുന്നില്ല. എന്നാല്‍ ഇന്നലെ വരെ ബിജെപി പേര്‍ത്തും പേര്‍ത്തും പപ്പുമോന്‍ വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകള്‍ ഇറങ്ങിപ്പുറപ്പെട്ടത് പരിഹാസ്യമാണ്. പാവങ്ങളുടെ പടനായകന്‍ എന്ന് എതിരാളികള്‍ പോലും വിളിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് എ കെ ജിയെ നികൃഷ്ടമായ ഭാഷയില്‍ വ്യക്തിഹത്യ നടത്തി ആക്ഷേപിക്കുകയും എതിര്‍പ്പ് വന്നപ്പോള്‍ ആക്ഷേപത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്ത വി ടി ബല്‍റാമിന് പപ്പുമോന്‍ വിളി കേട്ടപ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണ്.
അക്കൂട്ടത്തില്‍ സമര്‍ത്ഥമായി എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ പേര് വലിച്ചിഴക്കാനും ബല്‍റാം ശ്രമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകി എറണാകുളം മണ്ഡലത്തില്‍ ആകെ നിറഞ്ഞുനില്‍ക്കുന്ന പി രാജീവ് ആണ് എഡിറ്റോറിയല്‍ എഴുതിയത് എന്ന് ബല്‍റാം എങ്ങനെ കണ്ടെത്തി ചീഫ് എഡിറ്ററാണ് മുഖപ്രസംഗം എഴുതുന്നത് എന്ന് ബല്‍റാമിനോട് ആരാണ് പറഞ്ഞത് ഉഡായിപ്പിന് കയ്യും കാലും വെച്ചാല്‍ ബല്‍റാം എന്ന് വിളിക്കാം എന്ന് തോന്നുന്നു. ഞങ്ങള്‍ ഏതായാലും രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചല്ല ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാഗ്രത കുറവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ച് തിരുത്തല്‍ വരുത്താന്‍ ഞങ്ങള്‍ക്ക് യാതൊരു മടിയും ഇല്ല എന്ന് ഒരിക്കല്‍ കൂടി പറയട്ടെ.