എനിക്ക് ശമ്പളം വേണ്ട; ഇതൊരു സാമൂഹ്യസേവനം മാത്രം; വിശദീകരണം നല്കി ഡോ.കഫീല്‍ ഖാന്
കേരളത്തിലെ നിപ്പ വൈറസ് ബാധിത മേഖലകളില്‍ സേവനത്തിന് സന്നദ്ധനാണെന്ന് അറിയിച്ച ഡോ.കഫീല്‍ ഖാന് വിശദീകരണവുമായി രംഗത്ത്. താന്‍ പ്രതിഫലത്തിനായല്ല കേരളത്തിലെത്തുന്നതെന്നും ഇതൊരു സാമൂഹ്യസേവനം മാത്രമാണെന്നും കഫീല്‍ ഖാന് ഫെയിസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നിറയുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണമെന്നും അദ്ദേഹം കുറിക്കുന്നു. മറ്റു പ്രദേശങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നതില്‍ നിന്ന് ബഹുമാനപ്പെട്ട കോടതി തനിക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിശദമാക്കുന്നു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയുകയും വിശദീകരണം നല്‍കുകയുമാണ് കഫീല്‍ ഖാന്റെ പോസ്റ്റ്. നിപ്പ ബാധിത മേഖലകളില്‍ സേവനത്തിന് സന്നദ്ധനാണെന്ന് കഫീല്‍ ഖാന് അറിയിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും മുഖ്യമന്ത്രി ഇദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
പോസ്റ്റ് വായിക്കാം
നിഷേധാത്മക പ്രതികരണങ്ങളില്‍ ഏറെ വിഷമം തോന്നുന്നു. അതിനാല്‍ കാര്യങ്ങള്‍ വിശദമാക്കുകയാണ്.
1. ഇതൊരു സാമൂഹ്യസേവനം മാത്രമാണ്, എനിക്ക് പ്രതിഫലമോ ശമ്പളമോ ആവശ്യമില്ല.
2. നിപ്പ ബാധ നിയന്ത്രണവിധേയമാകുന്നതു വരെ ഞാന്‍ കേരളത്തിലുണ്ടാകും, തീര്‍ച്ചയായും ഗോരഖ്പൂരിലേക്ക് തിരിച്ചു വരും.
3. ഗോരഖ്പൂരിലും മറ്റും കാണുന്ന വൈറസ് രോഗങ്ങളേക്കാള്‍ വ്യത്യസ്തമാണ് നിപ്പയെങ്കിലും ഇതിനുള്ള ചികിത്സ ഏതാണ്ട് സമാനമാണ്. ഒരു ഇന്റന്‍സീവ് കെയര്‍ സ്പെഷ്യലിസ്റ്റ് എന്ന നിലയില്‍ കുറച്ചു ജീവനുകളെങ്കിലും രക്ഷിക്കാനായി പരിശ്രമിക്കും.
4. രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നതില്‍ നിന്ന് ബഹുമാനപ്പെട്ട കോടതി എനിക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല.
Really disheartened with negativity around.want to clear the air1-This is a community service ,I don’t want any pay…
Posted by Drkafeel Khan on Tuesday, May 22, 2018