ആകാശത്തു നിന്ന് ഇന്റര്‍നെറ്റ്; ഗൂഗിളിനു പിന്നാലെ ഫേസ്ബുക്കും
ന്യൂയോര്‍ക്ക്: ആകാശത്തു നിന്ന് ഇന്ര്നെറ്റ് കണ്കറ്റിവിറ്റി നല്കാനുള്ള ശ്രമങ്ങള്ക്ക് ഫേസ്ബുക്ക് തുടക്കം കുറിച്ചു. സൗരോര്ജ്ജമുപയോഗിച്ച് പറക്കുന്ന ആളില്ലാ വിമാനങ്ങളും ഉപഗ്രഹങ്ങളുമുപയോഗിച്ചാണ് ഇത് സാധ്യമാക്കാന് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്. ഉയര്ന്നു പറക്കുന്ന ബലൂണുകള് ഉപയോഗിച്ച് ഗൂഗിള് ഇപ്പോള്ത്തന്നെ കണക്റ്റിവിറ്റി നല്‍കുന്നുണ്ട്.
പുതിയ സാങ്കേതിക വിദ്യയിലൂടെ ലോകമെങ്ങും കണക്റ്റിവിറ്റി സാധ്യമാക്കുന്ന കണക്റ്റിവിറ്റി ലാബിനേക്കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം രൂപം നല്‍കിയ internet.org എന്ന ആഗോള കൂട്ടായ്മയിലൂടെയാണ് ഫേസ്ബുക്ക് ഇത് ലോകമെങ്ങും എത്തിക്കുന്നത്.
ഇന്റര്‍നെറ്റ് സേവനമെത്തിക്കാന്‍ ഉപഗ്രഹങ്ങളും ആളില്ലാ വിമാനങ്ങളും ലേസറുകളും രൂപീകരിക്കുന്നതിലാണ് കണക്റ്റിവിറ്റി ലാബ് ശ്രദ്ധയൂന്നുന്നത്. ഡ്രോണുകള്‍ നിര്‍മ്മിക്കുന്നതിന് ഫേസ്ബുക്കിനെ സഹായിക്കാന്‍ ആളില്ലാ സൗരോര്‍ജ്ജ വിമാനമായ സെഫൈര്‍ നിര്‍മ്മിച്ച അസെന്റ എന്ന കമ്പനി മുന്നോട്ടു വന്നിട്ടുണ്ട്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബ്, ആമെസ് റിസര്‍ച്ച് സെന്റര്‍ എന്നിവയുമായും ഫേസ്ബുക്ക് സാങ്കേതിക സഹകരണം പുലര്‍ത്തുന്നുണ്ട്.