ലോകത്തിലെ ഏറ്റവും വലിയ കുടിയന്മാരുടെ കൂട്ടായ്മ; ആശംസകളുമായി ഡാരന്‍ സമ്മിയും
കൊച്ചി: ജി. എന്.പി.സി എന്നു കേട്ടാല് വലിയ എന്തോ ആഗോള സംഘടനയുടെ പേരാണെന്ന് ആദ്യം തോന്നുക. പക്ഷേ ജി.എന്.പി.സിയുടെ മുഴുവന് പേരും കേട്ടാല് കാര്യങ്ങള് ഏതാണ്ട് വ്യക്തമാകും. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്നതിന്റെ ഷോര്ട്ട് വേര്ഷനാണ് ജി.എന്.പി.സി. കാര്യം ഇതൊരു ഫെയിസ്ബുക്ക് സീക്രട്ട് ഗ്രൂപ്പാണെങ്കിലും ഈ ആഘോഷക്കമ്മറ്റിക്കാര് അത്ര ചില്ലറക്കാരല്ല. 1 മില്ല്യണിലധികം പേരുള്ള മലയാളി കുടിയന്മാരുടെ തട്ടകമാണ് ജി.എന്.പി.സി. കുടിയന്മാര്ക്ക് വേണ്ടിയും ഭക്ഷണപ്രിയരായ സഹൃദയര്ക്ക് വേണ്ടിയും മാത്രമുള്ള ഗ്രൂപ്പ്.
ദിനംപ്രതി നൂറുക്കണക്കിന് പോസ്റ്റുകളാണ് ഈ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടുക. നിലവില്‍ ജി.എന്.പി.സിയോട് മത്സരിക്കാന്‍ ലോകത്തില്‍ തന്നെ മറ്റൊരു ഫെയിസ്ബുക്ക് ഗ്രൂപ്പില്ല. കുടിയന്മാരുടെ സങ്കടവും സന്തോഷവും സ്‌നേഹപ്രകടനവും തുടങ്ങി ഗ്രൂപ്പില്‍ ചര്‍ച്ചയാവാത്ത വിഷയങ്ങള്‍ അപൂര്‍വ്വം. ഒരു മില്യണ്‍ ആളുകള്‍ ഗ്രൂപ്പിലെത്തിയ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സമ്മി ആശംസകള്‍ അറിയിച്ചിരുന്നു. രണ്ട് തവണ കരീബിയന്‍ ടീമിന് ടി20 ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് സമ്മി.
ഗ്രൂപ്പിലെ ചിത്രങ്ങള്‍ മറ്റിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് തടയിടാന്‍ എല്ലാ അംഗങ്ങള്‍ക്കും കര്‍ശന നിര്‍ദേശങ്ങളുണ്ട്. പോസ്റ്റുകള്‍ നിയമ വിധേയമായി മാത്രമെ ഇടാറുള്ളു തുടങ്ങി സാധാരണ ഗ്രൂപ്പുകളില്‍ നിന്ന് ജിഎന്‍പിസി ഏറെ വ്യത്യസ്ഥമാണ്. അനാവശ്യ ചര്‍ച്ചകള്‍ നടത്തി തമ്മിലടി മാത്രമാകുന്ന ഗ്രൂപ്പുകള്‍ക്ക് ജിഎന്‍പിസിയുടെ ആഘോഷങ്ങള്‍ പാഠമാക്കാവുന്നതാണ്.