വിവാദ കവിതയുടെ ഉള്ളടക്കത്തോട് എതിര്‍പ്പെന്ന് ജോണ്‍ ബ്രിട്ടാസ്; എപ്പിസോഡ് കൈരളി വീണ്ടും സംപ്രേഷണം ചെയ്യും
കൊച്ചി: ജെബി ജംഗ്ഷന് പരിപാടിയില് അവതരിപ്പിച്ച വിവാദ കവിതയുടെ ഉള്ളടക്കത്തെ തള്ളി ജോണ് ബ്രിട്ടാസ്. ഫേസ്ബുക്കില് തരംഗമായ സഖാവ് എന്ന കവിതയെ മുന്നിര്ത്തിയുള്ള ചര്ച്ചയില് കവിയായ സാം മാത്യു ആലപിച്ച മറ്റൊരു കവിതയാണ് വിവാദമായത്. ബലാല്സംഗത്തിനിരയായ പെണ്കുട്ടിക്ക് അക്രമിയോടു തോന്നുന്ന പ്രണയമാണ് കവിതയുടെ ആശയം. നീ ബലാല്സംഗം ചെയ്യാനൊന്നും പോകരുത് എന്ന് ബ്രിട്ടാസ് പറഞ്ഞതു വിവാദമായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലാണ് കവിതയുടെ ഉള്ളടക്കത്തോട് തനിക്ക് വിയോജിപ്പാണ് ഉള്ളതെന്ന് ബ്രിട്ടാസ് പറഞ്ഞത്. കാല്‍ നൂറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തനത്തില്‍ സ്ത്രീപക്ഷ നിലപാടുകളാണ് താന്‍ സ്വീകരിച്ചിട്ടുള്ളതെന്നും സ്ത്രീകള്‍ക്കെതിരേയുള്ള വാക്കും പ്രവൃത്തിയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും ബ്രിട്ടാസ് പറയുന്നു.
സഖാവ് സ്ത്രീ ഭാവനയിലുള്ള കവിതയായതിനാല്‍ അത് സാം തന്നെയാണോ എഴുതിയത് എന്ന ചോദ്യത്തിന് താന്‍ മറ്റുചില സ്ത്രീപക്ഷ കവിതകള്‍ എഴുതിയിട്ടുണ്ടെന്നു പറഞ്ഞാണ് ആ ചെറുപ്പക്കാരന്‍ വിവാദ കവിത ആലപിച്ചത്. ആലാപനത്തിനുള്ള സാധാരണ പ്രോത്സാഹനം മാത്രമാണ് നല്‍കിയതെന്നും ഉള്ളടക്കത്തിനുള്ള പ്രോത്സാഹനമാണെന്ന വാദം ശരിയല്ലെന്നും ബ്രിട്ടാസ് വ്യക്തമാക്കുന്നു.
ഷോയുടെ അവതാരകന്‍ മാത്രമായ താന്‍ എഡിറ്റിംഗില്‍ ഇടപെടാറില്ലെന്ന് പറഞ്ഞ് എഡിറ്റിംഗില്‍ തിരുത്താമായിരുന്ന പിഴവായിരുന്നു ഇതെന്ന വാദത്തെയും ബ്രിട്ടാസ് ഖണ്ഡിക്കുന്നു. ജെബി ജംഗ്ഷന്‍ ഒരു വിനോദപരിപാടി മാത്രമാണ്. അതില്‍ നര്‍മവും തമാശയും ചെറിയ വര്‍ത്തമാനവും ഒക്കെയുണ്ട്.
ഒരു വിനോദ പരിപാടിയുടെ അവതാരകനെന്ന രീതിയിലാണ് ആ പരിപാടി അവതരിപ്പിക്കുന്നത്. ഞാനെന്ന വ്യക്തിയുമായി ചിലപ്പോള്‍ ബന്ധംതന്നെ ഉണ്ടാവണമെന്നില്ല. അവിടെ ഉയരുന്ന ചോദ്യങ്ങളൊന്നും എന്റെ സ്വന്തമല്ല. ആരുടെയെങ്കിലും മനസില്‍ ഉയരുന്ന ചോദ്യമാണ് പരിപാടിയില്‍ ഉയരുന്നതെന്നും ബ്രിട്ടാസ് പറയുന്നു.
പരിപാടിയിലെ ചില കാര്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വിവാദമുണ്ടാക്കിയ സ്ഥിതിക്ക് അവയോട് വിട പറഞ്ഞ് എന്തിനു വേണ്ടിയാണോ ഷോ ചെയ്തത് അതിനെ അടിവരയിടാന്‍ സംക്ഷിപ്ത രൂപത്തില്‍ ആ എപ്പിസോഡ് സെപ്റ്റംബര്‍ 25 ഞായറാഴ്ച വീണ്ടും പ്രക്ഷേപണം ചെയ്യുമെന്നും പോസ്റ്റില്‍ ബ്രിട്ടാസ് വ്യക്തമാക്കി.
പോസ്റ്റ് കാണാം