കുവൈറ്റിൽ വാട്‌സ് ആപ്, വൈബർ, സ്‌കൈപ്പ് എന്നിവ നിരോധിക്കാൻ നീക്കം

മൊബൈൽ ഫോണുകളിൽ വാട്സ് ആപ്, വൈബർ, സ്കൈപ്പ് എന്നീ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കുവൈറ്റ് ടെലികോം അതോറിറ്റി ഉത്തരവിട്ടതായി റിപ്പോർട്ട്. ഈ ആവശ്യം ഉന്നയിച്ച് ടെലികോം അതോറിറ്റി, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കത്ത് നൽകിയതായാണ് സൂചന.
 | 
കുവൈറ്റിൽ വാട്‌സ് ആപ്, വൈബർ, സ്‌കൈപ്പ് എന്നിവ നിരോധിക്കാൻ നീക്കം

 

കുവൈറ്റ്: മൊബൈൽ ഫോണുകളിൽ വാട്‌സ് ആപ്, വൈബർ, സ്‌കൈപ്പ് എന്നീ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ കുവൈറ്റ് ടെലികോം അതോറിറ്റി ഉത്തരവിട്ടതായി റിപ്പോർട്ട്. ഈ ആവശ്യം ഉന്നയിച്ച് ടെലികോം അതോറിറ്റി, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കത്ത് നൽകിയതായാണ് സൂചന. സോഷ്യൽ മീഡിയയിലൂടെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണിത്.

കുവൈറ്റിൽ കഴിഞ്ഞ ആറുമാസത്തിനിടെ അഞ്ഞൂറിലേറെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും മരവിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. നിരോധനത്തിന്റെ സാങ്കേതികവശങ്ങൾ വാർത്താവിനിമയ മന്ത്രാലയവുമായി ആഭ്യന്തരമന്ത്രാലയം ചർച്ച ചെയ്ത് വരികയാണ്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വാട്‌സ് ആപ് വഴിയുള്ള സൗജന്യ കോളിങ് നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് വ്യക്തി സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാരോപിച്ച് കുവൈറ്റിലെ വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയതായും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി സുലൈമാൻ ഫഹദ് അറിയിച്ചു. ജിസിസി രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നേരത്തേ നിരോധനം നിലവിലുണ്ട്.