കൊച്ചി കേന്ദ്രീകരിച്ച് അഭിഭാഷകരുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങുന്നു: കോടതികള്‍ ഇനി വക്കീലന്മാര് റിപ്പോര്‍ട്ട് ചെയ്യും

കൊച്ചി: ഇനി അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുടെ കുപ്പായമണിയും. കൊച്ചി കേന്ദ്രീകരിച്ച് അഭിഭാഷകരുടെ ഓണ്‍ലൈന്‍ പത്രം ആരംഭിക്കുന്നു. ബാര്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തില്‍ മുന്‍ പരിചയമുള്ളവരും ജേര്‍ണലിസം പഠിച്ചവരുമായ അഭിഭാഷകരായിരിക്കും പോര്‍ട്ടലിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുക എന്നാണ് വിവരം.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായുണ്ടായ സംഘര്‍ഷങ്ങള്‍ക്കു ശേഷം കോടതി വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ താരതമ്യേന കുറവാണ് പ്രസിദ്ധീകരിക്കാറുള്ളത്. കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ കയറാന്‍ ശ്രമിച്ച ചിലയിടങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്തു. വാര്‍ത്തയാകേണ്ട പല കോടതി നടപടികളും സംഭവങ്ങളും ആരുമറിയാതെ പോയ പശ്ചാത്തലത്തില്‍ കുറ്റപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകരും അഭിപ്രായ പ്രകടനങ്ങളുമായി ചില അഭിഭാഷകരും രംഗത്തെത്തുകയും ചെയ്തു.
അടച്ചുപൂട്ടിയ കോടതികളിലെ മീഡിയ റൂമുകള്‍ തുറന്നുകൊടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. പ്രശ്നങ്ങള്‍ തുടരാതിരിക്കാന്‍ കോടതികളില്‍ പോകുന്നത് മാധ്യമങ്ങളും ഒഴിവാക്കി. ഈ സാഹചര്യത്തിലാണ് കോടതി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ വക്കീലന്മാര് തന്നെ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത്.
മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ പ്രവേശിപ്പിക്കില്ലെന്ന അഭിഭാഷകരുടെ പിടിവാശിയും പോര്‍ട്ടല്‍ തുടങ്ങുന്നതോടെ ന്യായീകരിക്കാനാകും. സമൂഹം അറിയേണ്ട കോടതി വിവരങ്ങള്‍ ജനങ്ങള്‍ക്ക് നിഷേധിക്കുന്നു എന്ന ദോഷപ്പേര് ഒഴിവാക്കാനും ഇതിലൂടെ കഴിയുമെന്നാണ് പോര്‍ട്ടലിനായി പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നത്.

