ഫേസ്ബുക്ക് അധിക്ഷേപം; ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാമിന് എം.ബി.രാജേഷിന്റെ ക്ഷമാപണം
കൊച്ചി: വി.ടി.ബല്റാമിന്റെ പോസ്റ്റിന് മറുപടിയായി ട്രാന്സ്ജെന്ഡര് ആക്റ്റിവിസ്റ്റ് ശീതള് ശ്യാമിന്റെ ചിത്രം ചേര്ത്ത് അധിക്ഷേപ പോസ്റ്റുകള് പ്രത്യക്ഷപ്പെട്ട സംഭവത്തില് സിപിഐഎം നേതാവും എംപിയുമായ എം.ബി.രാജേഷിന്റെ ക്ഷമാപണം. ശീതളിന്റെ ഫോട്ടോ ദുരുപയോഗം ചെയ്ത സഖാക്കളെന്ന ലേബല് വഹിക്കുന്ന ചിലര് ചെയ്ത ഒരു അനീതിക്കുള്ള ക്ഷമാപണം എന്നാണ് തുറന്ന കത്തിനെ രാജേഷ് വിശേഷിപ്പിക്കുന്നത്. ഫേസ്ബുക്കിലെ സ്വയം പ്രഖ്യാപിത സഖാക്കളുടെ അസ്വീകാര്യമായ രീതിയും ശൈലിയും കുറിച്ച് സ്വയം വിമര്ശനം നടത്തുന്ന രാജേഷ് ഇടതുപക്ഷ മേല്വിലാസമണിഞ്ഞു കൊണ്ട് എഫ്.ബി.യില് ചിലര് നടത്തുന്ന പരാമര്ശങ്ങളും ഇടപെടലുകളും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മാനവികതയും നീതിബോധവും ഉള്ക്കൊള്ളാത്തവയാണെന്ന് വ്യക്തമാക്കുന്നു.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നൈതികത സ്ത്രീകള്‍, ഭിന്ന ലിംഗക്കാര്‍, ഭിന്ന ശേഷിയുള്ളവര്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ സമൂഹത്തിലെ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരോടെല്ലാം ഐക്യപ്പെടുന്നതാണ്. ഭിന്നാഭിപ്രായമുള്ളവരോടും അത് വിട്ടുവീഴ്ചയില്ലാതെ പ്രകടിപ്പിക്കുമ്പോള്‍ തന്നെ മാന്യമായിട്ടായിരിക്കണം അത് ചെയ്യേണ്ടത്. നിലപാടിനെ എതിര്‍ക്കുന്നതിനു പകരം വ്യക്തിഹത്യയും സ്വഭാവഹത്യയും അംഗീകരിക്കാനാവില്ല. വ്യക്തിപരമായ സവിശേഷതകള്‍ ഉയരം, ഉയരക്കൂടുതലോ കുറവോ, തൊലിയുടെ നിറമോ ശാരീരികമായ എന്തെങ്കിലും വിഷമതകളോ പരിഹാസ വിധേയമാക്കുന്നത് ഫേസ്ബുക്കില്‍ വ്യാപകമായി കാണാറുണ്ട്. നീതിബോധമുള്ള ഒരാള്‍ക്കും ചെയ്യാനാവാത്തതാണിതെന്നും രാജേഷ് പറയുന്നു.
ഇ.എം.എസ്സിന്റെ ആശയങ്ങളെയും വാദമുഖങ്ങളെയും നേരിടാന്‍ കഴിയാതിരുന്ന എതിരാളികള്‍ അദ്ദേഹത്തിന്റെ വിക്കിനെ പരിഹസിച്ചിരുന്നു. എന്തായാലും പുരോഗമന വാദികള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും ആ സംസ്‌കാര ശൂന്യത ചേരില്ല. ഇടതുപക്ഷമെന്നു അവകാശപ്പെടുന്നവരുടെ വാക്കും പ്രവൃത്തി യും ഇടതുപക്ഷ നൈതികത ഉയര്‍ത്തിപ്പിടിക്കുന്നതാവമമെന്നും രാജേഷ് വ്യക്തമാക്കുന്നു.
തെറിവിളികള്‍ക്കു പിന്നിലുള്ളത് ജനാധിപത്യവിരുദ്ധതയും മനോവൈകൃതവും അധമസംസ്‌ക്കാരവും മാത്രമല്ല അറിവില്ലായ്മ കൂടിയാണ്. രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രത്യേകിച്ചും. എതിര്‍നിലപാട് തുറന്നു കാണിക്കാനും സ്വന്തം നിലപാട് യുക്തിസഹമായി സ്ഥാപിക്കാനും കഴിയാത്ത നിരാശയും നിസ്സഹായതയും തെറിവിളി കൊണ്ട് ശമിപ്പിക്കുകയാണ്.തെറിവിളി വിവരദോഷിയുടെ ആയുധമാണെന്ന് അര്‍ത്ഥം. തെറിവിളി രാഷ്ട്രീയ പ്രവര്‍ത്തനമല്ല, ഏത് വിഡ്ഢിക്കും ചെയ്യാവുന്ന അരാഷ്ട്രീയ കര്‍മ്മമാണ്. ഒരു രാഷ്ട്രീയവും അങ്ങനെ പ്രതിരോധിക്കാനുമാവില്ല.
പുരോഗമനവാദികള്‍ എന്ന് അവകാശപ്പെടുന്നവരെങ്കിലും ഇത് തിരിച്ചറിഞ്ഞു പെരുമാറണം. മലയാളിയുടെ സോഷ്യല്‍ മീഡിയയിലെ പെരുമാറ്റവും ഭാഷയും നിശിതമായി വിചാരണ ചെയ്യപ്പെടട്ടെ. മറ്റേതു മാധ്യമവും വിമര്‍ശിക്കപ്പെടുന്നത് പോലെ സാമൂഹിക മാധ്യമ വ്യവഹാരങ്ങളും വിമര്‍ശിക്കപ്പെടട്ടെ. ഉത്തരവാദിത്തം ഇല്ലാതെ ആരെയും ഭര്‍ത്സിക്കാനും സ്വന്തം ജീര്‍ണ്ണത വെളിപ്പെടുത്താനും ഉള്ള സ്ഥലമാണിതെന്ന ധാരണ തിരുത്തപ്പെടണം. ഒരു മെച്ചപ്പെട്ട സംവാദ ഭാഷ ഉയര്‍ന്നു വരണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ രാജേഷ് പറയുന്നു.
പോസ്റ്റ് കാണാം