ആര്‍ക്കും ഇങ്ങയൊരു അവസ്ഥ ഒരിക്കലും ഉണ്ടാവരുത്; പോലീസിന്റെ കെട്ടുകഥ തെളിവ് സഹിതം പുറത്തുവിട്ട് നദീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: പോലീസിന്റെ കെട്ടുകഥ തെളിവു സഹിതം പുറത്തുവിട്ട് പോലീസ് മാവോയിസ്റ്റായി മുദ്രകുത്തിയ നദീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പോലീസ് ഇതുവരെ മാധ്യമങ്ങളോട് വ്യക്തമാക്കിയ കാര്യങ്ങള്‍ നുണയാണെന്ന് നദീര്‍ പോസ്റ്റി്ല്‍ പറയുന്നു. 2016 ഡിസംബര്‍ 19നാണ് ആറളം സ്റ്റേഷനിലെ 148/16 എന്ന ക്രൈമുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നദീറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിറ്റേന്ന് തെളിവില്ല എന്നു പറഞ്ഞു വിട്ടയക്കുകയും ചെയ്തു. കസ്റ്റഡിയില്‍ എടുത്തതിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പോലീസ് റിപ്പോര്‍ട്ടിലും എഫ്ഐആറിലും മൂന്നു പ്രതികള്‍ക്ക് പുറമേ കണ്ടാലറിയാവുന്നവര്‍ എന്നതില്‍ സംശയം തോന്നിയാണ് ചോദ്യം ചെയ്യാനായി നദീറിനെ വിളിപ്പിച്ചതെന്നാണ് അന്ന് ഡിജിപിയുള്‍പ്പെടെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞത് കള്ളമാണെന്ന് രേഖകള്‍ സഹിതം നദീര്‍ ആരോപിക്കുന്നു.
2016 ഡിസംബര്‍ 19ന് അറസ്റ്റ് ചെയ്ത് തെളിവില്ല എന്നു പറഞ്ഞു പിറ്റേന്ന് വിട്ടയച്ച നദീറിന്റെ പേര് മാസങ്ങള്‍ക്കു മുന്‍പ് 2016 മേയില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സ്വീഷര്‍ മഹസറിലും ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ വ്യക്തമായ ബോധത്തോടെ തിരിച്ചറിഞ്ഞ മൂന്നാം പ്രതിയാണ് നദീര്‍. അത് എങ്ങനെയാണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നും നദീര്‍ ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. കൂടാതെ 2016 മേയിലെ ഡിവൈഎസ്പി റിപ്പോര്‍ട്ടില്‍ തിരിച്ചറിഞ്ഞ മുഴുവന്‍ പ്രതികളുടേയും കൂട്ടത്തില്‍ സ്വന്തം പേര് വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും പോലീസ് നാടകം കളിച്ചതാണെന്നും നദീര്‍ പറയുന്നു.
തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിന്നും കിട്ടിയ പോലീസ് ഫയലുകളുടെ സര്‍ട്ടിഫൈഡ് കോപ്പികളുടെ അടിസ്ഥാനത്തിലാണ് പോലീസ് കള്ളക്കേസില്‍ ഉള്‍പ്പെടുത്തി ജീവിതം നശിപ്പിച്ചതാണെന്ന് നദീര്‍ അവകാശപ്പെടുന്നത്. സമാധാനമായി ഉറങ്ങാന്‍ കഴിയാതെയായി എന്നും നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും ഞാന്‍ പോകുമെന്നും നദീര്‍ പറയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് നല്ല ഉറപ്പുണ്ടെന്നും നദീര്‍ അവകാശപ്പെടുന്നു.
ഭരണകൂടം വേട്ടയാടി ജീവിതം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആദ്യത്തെയോ അവസാനത്തെയോ നിരപരാധിയല്ല താന്‍ എന്നും പേരിന്റെ സ്ഥാനത്ത് നിങ്ങള്‍ ആരുടെയെങ്കിലും പേരു വന്നേക്കാമെന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റ് കാണാം