നിപ്പ ഭീതി; വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്, ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കുന്ന പേജുകള്‍ ഇവയാണ്

കൊച്ചി: എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പ വൈറസ് ബാധയേറ്റതായി സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങള്‍ മാത്രമെ പ്രചരിപ്പിക്കാന്‍ പാടുള്ളുവെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിപ്പ വൈറസ് പടര്‍ന്ന സമയത്ത് നിരവധി വ്യാജ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തിരുന്നു.
നിലവില്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്, മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്റില്‍, ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പേജ്, എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കൂടാതെ ആരോഗ്യ ജാഗ്രത എന്നറിയപ്പെടുന്ന മറ്റൊരു പേജിലൂടെയും ഔദ്യോഗിക വാര്‍ത്തകള്‍ ലഭ്യമാകുന്നതാണ്. ഇതര പേജുകളിലും വ്യക്തികളും പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ വ്യാജമാണോയെന്ന് കൃത്യമായി പരിശോധിച്ച ശേഷം മാത്രമെ ഷെയര്‍ ചെയ്യാവൂ. വ്യാജ വാട്സാപ്പ് സന്ദേശങ്ങളും ഒഴിവാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. രോഗബാധയേറ്റതായി സംശയിക്കുന്ന യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും നിരീക്ഷണത്തിലാണ്. എന്നാല്‍ സംശയകരമായി ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായാല്‍ ഉടന്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കോണ്ടാക്ട് ട്രെയിസിങ്ങിനുള്ള നടപടികളടക്കം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കളക്ടറുടേയും നേതൃത്വത്തില്‍ എറണാകുളത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ഔദ്യോഗിക പേജുകള്‍ ഇവയാണ്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്
https://www.facebook.com/CMOKerala/
https://www.facebook.com/PinarayiVijayan/
മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്റില്‍ :
https://twitter.com/CMOKerala?s=09
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് പേജ്
https://www.facebook.com/kkshailaja/
ജില്ലാ കളക്ടര്‍ – എറണാകുളം
https://www.facebook.com/dcekm/
https://www.facebook.com/arogyajagratha/
നിപ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എറണാകുളം കളക്ടറേറ്റില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. 1077 എന്ന നമ്പറില്‍ പൊതു ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കും. ആരോഗ്യ വകുപ്പിന്റെ ദിശ സെന്ററില്‍ നിന്ന് 1056 എന്ന നമ്പറിലും വിവരങ്ങള്‍ ലഭിക്കും.